തിരുവനന്തപുരം: 33 തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടുക്കി കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡിൽ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് അട്ടിമറി വിജയം. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ പിന്തള്ളിയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ബീനാ കുര്യന് നാലു വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
യുഡിഎഫിന്റെ സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാര്‍ഥി സോണിയ ജോസിന് 198 വോട്ടു ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സതി ശിശുപാലന് 27 വോട്ടുകള്‍ മാത്രമാണു നേടാനായത്. ബിജെപി സ്ഥാനാര്‍ഥി അശ്വതി കെ. തങ്കപ്പന് രണ്ട് വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 127 വോട്ടു നേടിയ സ്ഥാനത്താണ് ഇത്തവണ 27 വോട്ടിലേക്ക് എല്‍ഡിഎഫ് ചുരുങ്ങിയത്. കോണ്‍ഗ്രസ് അംഗമായിരുന്ന ഷൈബി ജോണ്‍ വിദേശത്ത് ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. 13 അംഗ പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫ് 9. എല്‍ഡിഎഫ് 2. ബിജെപി 1 എന്നിങ്ങനെയാണ് കക്ഷി നില.
കോട്ടയം തലനാട് യുഡിഎഫിൽനിന്നു എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. വെളിയന്നൂർ പഞ്ചായത്ത് അരീക്കര വാർഡ് എൽഡിഎഫ് നിലനിർത്തി. വയനാട് മുട്ടിൽ പരിയാരം വാർഡ് യുഡിഎഫ് നിലനിർത്തി. പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് വിജയിച്ചു. ഈരാറ്റുപേട്ട കുട്ടിമരംപറന്പിൽ എസ്ഡിപിഐ വിജയിച്ചു. തിരുവനന്തപുരം അരുവിക്കര മണന്പൂർ വാർഡിൽ ബിജെപിക്ക് ജയം. ഇടുക്കി കരിക്കുന്നം പഞ്ചായത്ത് ഏഴാം വാർഡിൽ എഎപിക്ക് ജയം. മലപ്പുറം ഒഴുർ പഞ്ചായത്ത് യുഡിഎഫ് വിജയിച്ചു.
എറണാകുളം ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോൺഗ്രസിന് ജയം. വടവുകോട് -പുത്തൻകുരിശ് പഞ്ചായത്ത് പതിനാറാം വാർഡിൽ യുഡിഎഫിലെ ബിനിത പീറ്റർ വിജയിച്ചു. 88 വോട്ടുകൾക്കാണ് ബിനിത വിജയിച്ചത്.
രാമമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ യുഡിഎഫിലെ ലെ ആന്റോ പി. സ്കറിയ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും അഞ്ച് ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. 114 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
കോട്ടയത്ത് രണ്ടിടത്ത് എല്‍ഡിഎഫ്, ഒരിടത്ത് എസ്ഡിപിഐ
കോട്ടയം: രണ്ടു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഒരു നഗരസഭ വാര്‍ഡും ഉള്‍പ്പെടെ ജില്ലയിലെ അഞ്ചു വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥലത്ത് എല്‍ഡിഎഫ് വിജയിച്ചു. ഒരു സ്ഥലത്ത് എസ്ഡിപിഐയും വിജയിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന രണ്ടു സ്ഥലത്ത് യുഡിഎഫിനാണ് മുന്നേറ്റം. ഈരാറ്റുപേട്ട നഗരസഭ 11ാം വാര്‍ഡ് കുറ്റിമരംപറമ്പില്‍ ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്ദുള്‍ ലത്തീഫാണ് 44 വോട്ടിനു വിജയിച്ചത്. അബ്ദുള്‍ ലത്തീഫിനു 366 വോട്ടും യുഡിഎഫിലെ സിയാദ് കുവപള്ളില് 322 വോട്ടും എല്‍ഡിഎഫിലെ കെ.എം. ഹുസൈന് 236 വോട്ടും നേടി.
എസ്ഡിപിഐ അംഗമായിരുന്ന ഇ.പി. അന്‍സാരിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ടയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു വര്‍ഷം മുമ്പ് എന്‍ഐഎ അറസ്റ്റു ചെയ്ത അന്‍സാരിക്കു നഗരസഭ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
വെളിയന്നൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡായ അരീക്കരയില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത്. ഇടതുമുന്നണിയിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ബിന്ദു മാത്യു 19 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെയുള്ള 743 വോട്ടര്‍മാരില്‍ 464 പേര് വോട്ടവകാശം വിനിയോഗിച്ചു. ഇതില്‍ 236 വോട്ട് വിജയിച്ച ബിന്ദു മാത്യുവിന് ലഭിച്ചു. ആം ആദ്മി സ്ഥാനാര്‍ഥി സുജിതാ വിനോദ് 217 വോട്ട് നേടി രണ്ടാംസ്ഥാനത്ത് എത്തി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സ്റ്റിമി വില്‍സണ്‍ നേടിയത് 11 വോട്ടുകളാണ്. 13 അംഗ ഭരണസമിതിയില്‍ ഒരാള്‍ ഒഴികെ ഭരണപക്ഷമായ എല്‍ഡിഎഫ് അംഗങ്ങളാണ്.
തലനാട് പഞ്ചായത്തിലെ നാലാം വാര്‍ഡായ മേലടുക്കത്തില് യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. സിപിഎമ്മിലെ കെ.കെ. ഷാജി 30 വോട്ടിനു വിജയിച്ചു. കെകെ ഷാജിയ്ക്ക് 162 വോട്ടും യുഡിഎഫിലെ സ്വപ്നമോള്‍ക്ക് 132 വോട്ടും ലഭിച്ചു. മേലടുക്കം വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായിരുന്നു ചാള്‍സ് പി. ജോയി തുടര്‍ച്ചയായി പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് അയോഗ്യനാക്കിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ആനക്കല്ലിലും നാലാം വാര്‍ഡായ കൂട്ടിക്കലിലുമാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
.