കുറവിലങ്ങാട്: കടുത്ത മീനച്ചൂടിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ആവേശം കുറയുന്നു. ആളെക്കിട്ടാത്തതും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രചാരണപരിപാടികൾ കൊഴുക്കുന്നില്ല.
യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജും എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും പര്യടനങ്ങളും യോഗങ്ങളുമായി മണ്ഡലത്തിൽ സജീവമായുണ്ട്.
കര്മപരിപാടികളില് മുന്നണികള്‍ക്കു മുന്നേറ്റമുണ്ടെങ്കിലും യുവജനങ്ങളടക്കമുള്ള പ്രവര്‍ത്തകരുടെ കുറവ് പ്രചരണത്തിന്റെ ആവേശം തളര്‍ത്തിയിട്ടുണ്ട്. ഭവനസന്ദര്‍ശനങ്ങളും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും രാവിലെയും വൈകുന്നേരവുമായാണ് പ്രവര്‍ത്തകര്‍ ക്രമീകരിച്ചിട്ടുള്ളത്.
സ്ഥാനാര്‍ഥി പര്യടനം ബൈക്ക് റാലിയും മേളങ്ങളുമായി കൊഴുപ്പിച്ചെടുക്കാന്‍ പരിശ്രമങ്ങള്‍ മുന്നണികള്‍ നടത്തുന്നുണ്ട്. മീനച്ചൂട് സ്ഥാനാര്‍ഥികളെയും വലയ്ക്കുന്നുണ്ട്. പതിവിനു വിപരീതമായി സമ്മേളനങ്ങളിലെല്ലാം കുപ്പിവെള്ളം ഒരുക്കിയിട്ടുള്ളത് പുതിയ തെരഞ്ഞെടുപ്പ് കാഴ്ചയാണ്.
കേരള കോണ്‍ഗ്രസ് തട്ടകം എന്നറിയപ്പെടുന്ന കടുത്തുരുത്തിയില്‍ ശക്തിപരീക്ഷണത്തില്‍ വിജയം നേടാനുള്ള തന്ത്രങ്ങള്‍ മുന്നണികള്‍ നടത്തുന്നുണ്ട്. അസന്നിഹിത വോട്ടര്‍മാരുടെ വോട്ടുകളില്‍ മുന്നണികള്‍ കണ്ണുവച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മുതിര്‍ന്ന പൗരന്മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ നന്നേ കഷ്ടപ്പെട്ടിരുന്നുവെങ്കിലും ഇക്കുറി പുതിയ തീരുമാനം പാര്‍ട്ടികള്‍ക്ക് നേട്ടമായിട്ടുണ്ട്.