കോഴിക്കോട്: വടകരയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് ആശങ്കളില്ലെന്നും അത് പ്രചാരണത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും കെ. മുരളീധരന്. സ്ഥാനാഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ നിന്നും സൂചനകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പ്രതികരിച്ചു.
പ്രചാരണത്തെ ബാധിക്കുന്ന വിഷയമല്ലിത്. ഇന്ന് വടകരയിലെ കോളജുകള്‍ കേന്ദ്രീകരിച്ചാണ് പ്രചരണം നടത്തുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതില്മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടകരയിലും വയനാട്ടിലും മാത്രമാണ് നിലവില്‍ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ 11 സ്ഥാനാര്‍ഥി പട്ടികകള്‍ പ്രസിദ്ദീകരിച്ചുവെങ്കിലും അതിലൊന്നും വടകരയും വയനാടും ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടാണ് വയനാട്ടില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്.
എന്നാല്‍ വടകരയിലെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിലെ കാലതാമസമെന്തെന്ന് സംസ്ഥാനനേതാക്കള്‍ക്ക് പോലും അറിയില്ല. സാങ്കേതിക തടസങ്ങള്‍ മാത്രമെന്നാണ് ഇതിനെകുറിച്ച് കെപിസിസി പ്രസിഡന്റിന്റെപ്രതികരണം. എതായാലും ഈ സാങ്കേതിക തടസ്സങ്ങള്‍ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രവര്‍ത്തകര്‍.