ബാബു ചെറിയാൻ
തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലമാണ് വടകര. കടത്തനാടും, കണ്ണൂരിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളും കൂടിചേരുന്ന വടകരയിലെ പൂഴിക്കടകൻ പ്രയോഗത്തിൽ പല വന്പന്മാർക്കും അടിതെറ്റിയിട്ടുണ്ട്. കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ഈറ്റില്ലമാണ് വടകര. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഡോ. കെ.ബി. മേനോനാണ് ആദ്യ എംപി. 1971 മുതൽ 91 വരെ നടന്ന തുടർച്ചയായ ആറു തെരഞ്ഞെടുപ്പുകളിൽ വലതിനൊപ്പവും ഇടതിനൊപ്പവുമായി കെ.പി. ഉണ്ണികൃഷ്ണൻ വിജയശ്രീലാളിതനായി.
1962ൽ സ്വതന്ത്രനായി മത്സരിച്ച എ.വി. രാഘവനും, 67ൽ എസ്എസ്പിയിലെ എ. ശ്രീധരനും, വടകരയുടെ ആദ്യകാല എംപിമാരായി. കെ.പി. ഉണ്ണികൃഷ്ണനെ 79945 വോട്ടുകൾക്ക് പരാജയപ്പെടുത്തി സിപിഎമ്മിലെ ഒ. ഭരതൻ 1996ൽ മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്നു നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും മണ്ഡലം ചുവന്നുതുടുത്തുനിന്നു.
2004ൽ 130587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ പി. സതീദേവി, കോൺഗ്രസിന്റെ എം.ടി. പദ്മയെ മലർത്തിയടിച്ചത്. തൊട്ടുപിന്നാലെ 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇതേ സതീദേവി 56186 വോട്ടുകൾക്ക് കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് തോൽവി ഏറ്റുവാങ്ങുന്നതും വടകര കണ്ടു.
സിപിഎമ്മിൽനിന്ന് വിട്ട് സ്വതന്ത്രനായി മത്സരിച്ച ടി.പി.ചന്ദ്രശേഖരൻ അന്ന് 21833 വോട്ടുകൾ നേടിയത് ഇടതുനേതൃത്വത്തെ ഞെട്ടിച്ചു. ഇതോടെ ടി.പി.ചന്ദ്രശേഖരന്റെ ആർഎംപി എന്ന ചെറുപാർട്ടി സിപിഎമ്മിന്റെ ഉറക്കം കെടുത്താൻ തുടങ്ങി. 2012ൽ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. ഈ കേസിൽ സിപിഎം നേതാക്കളടക്കമുള്ളവർ ജയിൽശിക്ഷയിലും പരോളിലുമാണ്.
ചന്ദ്രശേഖരന്റെ വധത്തിനുശേഷം 2014ൽ നടന്ന വീറും വാശിയും വർധിച്ച തെരഞ്ഞെടുപ്പിൽ കേവലം 3306 വോട്ടിനാണ് കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ, സിപിഎമ്മിലെ എ.എൻ. ഷംസീറിനോടു കടന്നുകൂടിയത്. ആർഎംപിഐ സ്ഥാനാർതിയായ അഡ്വ.പി.കുമാരൻകുട്ടിക്ക് അന്ന് 17229 വോട്ടുകൾ ലഭിച്ചു. കണ്ണൂർ ജില്ലയിലെ ചുവപ്പുകോട്ടകളായ തലശേരിയും,കൂത്തുപറന്പും കോഴിക്കോട് ജില്ലയിലെ വടകര,കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, എലത്തൂർ മണ്ഡലങ്ങളും ചേർന്നാൽ വടകര ലോക്സഭാ മണ്ഡലമായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി ഒഴികെ ആറു മണ്ഡലങ്ങളും ഇടതിനൊപ്പമാണ്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ,അഡ്വ.കെ.പ്രവീൺകുമാർ, മഹിളാ കോൺഗ്രസ് നേതാവും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ പി.ഉഷാദേവി ടീച്ചർ എന്നിവരുടെ പേരുകളാണ് യുഡിഎഫിൽ പറഞ്ഞുകേൾക്കുന്നത്.
എന്നാൽ മണ്ഡലം നിലനിർത്തണമെങ്കിൽ മുല്ലപ്പള്ളിയോ വി.എം.സുധീരനോ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുല്ലപ്പള്ളി തയാറാകുമെന്ന ശ്രുതിയും പരന്നിട്ടുണ്ട്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, മുൻഎംപി പി.സതീദേവി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും മുൻ എംഎൽഎയുമായ കെ.കെ. ലതിക എന്നിവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നു.
ഇടതുമുന്നണിയിലേക്കുവന്ന എൽജെഡി വടകര സീറ്റിന് അവകാശവാദം ഉന്നയിച്ചാൽ സംസ്ഥാന ജനറൽസെക്രട്ടറി ഷെയ്ഖ് പി.ഹാരീസ്, മുൻ മന്ത്രി കെ.പി. മോഹനൻ, മുൻഎംഎൽഎ അഡ്വ.പ്രേംനാഥ് എന്നിവരിലൊരാൾ മത്സരിക്കുമെന്ന പ്രചാരണവുമുണ്ട്.
ലോക്സഭ വിജയികൾ 1980 മുതൽ
വടകര ( വർഷം, വിജയി, പാർട്ടി, ഭൂരിപക്ഷം)
1980 – കെ.പി. ഉണ്ണികൃഷ്ണൻ ഐഎൻസി – യു 41682
1984 – കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ്-എസ് 10979
1989 – കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ്-എസ് 8209
1991 – കെ.പി.ഉണ്ണികൃഷ്ണൻ കോൺഗ്രസ്-എസ് 17489
1996 – ഒ. ഭരതൻ സിപിഎം 79945
1998 – പ്രഫ.എ.കെ.പ്രേമജം സിപിഎം 59161
1999 – പ്രഫ.എ.കെ.പ്രേമജം സിപിഎം 27844
2004 – പി.സതീദേവി സിപിഎം 130587
2009 – മുല്ലപ്പള്ളി രാമചന്ദ്രൻ ഐഎൻസി 56186