വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ കോണ്‍ഗ്രസിലെ ചേരിപ്പോരുകളും ഗ്രൂപ്പുകളും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ വിജയസാധ്യതൾ കണക്കുകൂട്ടി മുന്നണികൾ. യു.ഡി.എഫിന്റെ വിജയ സാധ്യതകൾ പരുങ്ങലിലാക്കുമെന്ന് പ്രവർത്തകർക്ക് ആശങ്ക.
ഈ മാസം 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തിലെ ഇളങ്കാവ് വാർഡിലും 20 ന് നടക്കുന്ന കിഴക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പോര് പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.ബാങ്ക് തെരഞ്ഞെടുപ്പിൽ നിന്നും രണ്ട് തവണയിൽ കൂടുതൽ ഡയറക്ടർമാരായവർ മാറി നിൽക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ബാങ്ക് പരിധിയിൽ ഇല്ലാത്തവർ പോലും വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത് തടയുമെന്ന് ഇവർ പറയുന്നു.നേതൃത്വം ഇടപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ തന്നെ ഒന്നിൽ കൂടുതൽ പാനൽ മത്സര രംഗത്തുണ്ടാകും.
പാർട്ടിയിൽ ഒന്നിലേറെ ഭാരവാഹിത്വം ഉള്ളവരും മാറി നിൽക്കണമെന്നാണ് ആവശ്യം.ബാങ്കിലെ കെട്ടിട പണികളും ബാങ്കിൽ അടുത്ത് വരുന്ന ഒഴിവുകളും പോര് മുറുകാൻ കാരണമാകുന്നതായി പറയുന്നു.കോണ്‍ഗ്രസിലെ ചേരിപ്പോരും ഗ്രൂപ്പ്കളിയും മൂലം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫിന്റെ പണി കുറക്കാൻ സഹായകമാകും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫി നെ പോലും ഞെട്ടിക്കും വിധമുള്ള വിജയം നേടാൻ കിഴക്കഞ്ചേരിയിൽ യു.ഡി.എഫിന് കഴിഞ്ഞിരുന്നു.