വൈക്കം: വൈക്കം നഗരസഭയിലും പഞ്ചായത്തുകളിലും മുന്നണി സ്ഥാനാർഥികൾക്ക് എതിരായി റിബലുകൾ. റിബലുകളിൽ മുൻ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരുമൊക്കെയുണ്ട്.
ചില വാർഡുകളിലെ തെരഞ്ഞെടുപ്പു ഫലത്തെവരെ സ്വാധീനിക്കാനോ മുന്നണി സ്ഥാനാർഥികളെ നിഷ്പ്രഭരാക്കി വിജയം എത്തിപ്പിടിക്കാനോ റിബലുകൾക്കു കഴിയുമോയെന്ന ജിജ്ഞാസയിലാണ് ജനങ്ങളും.
വൈക്കം നഗരസഭ ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന അയ്യപ്പൻ കഴിഞ്ഞതവണ എൽ ഡി എഫിനൊപ്പം നിന്ന നഗരസഭ കൗണ്‍സിലർ രോഹിണിക്കുട്ടിയുടെ ഭർത്താവാണ്.
യു ഡി എഫിലെ കെ. ഷഡാനനൻനായരും എൽ ഡി എഫിലെ ടി.ജി. ബാബുവുമാണ് ഇവിടെ എതിരാളികൾ. അയ്യപ്പന്റെ രംഗപ്രവേശം വാർഡിലെ പോരാട്ടം ത്രികോണമൽസരമാക്കി മാറ്റി.
നഗരസഭ പത്താം വാർഡിൽ കോണ്‍ഗ്രസിലെ മുൻ നഗരസഭ കൗണ്‍സിലർ എം.ടി.അനിൽകുമാർ നാമനിർദ്ദേശ പത്രിക പിൻവലിച്ചിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാർഥിയായി ഇവിടെ മുൻ നഗരസഭ വൈസ് ചെയർമാൻ വി.സന്പത്താണ് മൽസരിക്കുന്നത്.
എൽ ഡി എഫ് സ്ഥാനാർഥിയായി നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷൻ എസ്.ഹരിദാസൻ നായരാണ് മൽസരിക്കുന്നത്.നഗരസഭ 11-ാം വാർഡിൽ മുൻ നഗരസഭ വൈസ് ചെയർപേഴ്സണ്‍ എ.സി.മണിയമ്മ റിബൽ.
എൽ ഡി എഫ് സ്ഥാനാർഥിയായി ഇവിടെ സി പി എമ്മിലെ പി.ഹരിദാസും യു ഡി എഫ് സ്ഥാനാർഥിയായി കോണ്‍ഗ്രസിലെ എസ്.പി.സുജിത്തും മൽസരിക്കുന്നു. 12-ാം വാർഡിൽ കേണൽ സുഗുണാനന്ദനാണ് റിബൽ സ്ഥാനാർഥി.
യു ഡി എഫ് സ്ഥാനാർഥിയായി ഇവിടെ കോണ്‍ഗ്രസിലെ ജോയി ചെത്തിയിൽ, എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ എ.മനാഫും ബി ജെ പി സ്ഥാനാർഥിയായി മഹേഷും മൽസരിക്കുന്നു.
16ൽ എൽ ഡി എഫിന്റെ സ്ഥാനാർഥി സുജാതയ്ക്കെതിരെ മുൻ സി പി ഐ കൗണ്‍സിലറായിരുന്ന ഫിലോമിനയും 22 ൽ യു ഡി എഫ് സ്ഥാനാർഥി രാജശേഖരനെതിരെ റിബലായി അജയനുമുണ്ട്. ഇവിടെ മുൻ നഗരസഭ ചെയർമാൻ ബിജു കണ്ണേഴനാണ് എൽഡിഎഫ് സ്ഥാനാർഥി.
തലയാഴം പഞ്ചായത്ത് ആറാം വാർഡിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ജി. രാജീവിനെതിരെ റിബലായി രമേഷ് പി.ദാസ് മൽസരിക്കുന്നു. 10 ൽ കോണ്‍ഗ്രസിലെ ഗോപാലകൃഷ്ണൻ നായർക്കെതിരെ റിബലായി ബി.എൽ.സെബാസ്റ്റ്യനാണ് മൽസരിക്കുന്നത്.
13ൽ കോണ്‍ഗ്രസ് സ്ഥാനാർഥി ശ്രീജ ഹരിദാസിനു റിബലായി ശ്രീദേവി സന്തോഷുണ്ട്. 14ൽ തലയാഴം പഞ്ചായത്ത് പ്രതിപക്ഷ നേതാവായിരുന്ന ജെൽജി വർഗീസിനെതിരെ ബി.ബിനുമോനാണ് റിബൽ.
വെച്ചൂർ പഞ്ചായത്ത് 13-ാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി രതി മോൾക്കെതിരെ മുൻ സി പി എം മെന്പർ സാവിത്രി മനോജാണ് റിബലായി രംഗത്തുള്ളത്.
മറവൻതുരുത്ത് പഞ്ചായത്ത് 15-ാം വാർഡിൽ സി പി ഐ സ്ഥാനാർഥി കെ.കെ.ലാവണ്യയക്കു കഴിഞ്ഞ തവണ സി പി ഐ സ്ഥാനാർഥിയായിരുന്ന സുഷമ സന്തോഷാണ് റിബൽ.ചെന്പ്: ചെന്പ് പഞ്ചായത്ത് രണ്ടാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥി റംലത്തിനെതിരെ കോണ്‍ഗ്രസിലെ മുൻ മെന്പർ റഷീദ് മങ്ങാടൻ റിബലായി രംഗത്തുണ്ട്.
തലയോലപ്പറന്പ് പഞ്ചായത്ത് പത്താം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രാധാകൃഷ്ണൻ യു ഡി എഫ് സ്ഥാനാർഥി ജോസ് വേലിക്കകത്തിനെതിരെ മൽസരിക്കുന്നു.