എബി
നാലു സംസ്ഥാനങ്ങളിലെ ആറു വ്യത്യസ്ത മണ്ഡലങ്ങളിൽ വിജയിച്ച റിക്കാർഡിട്ടയാളാണു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ജനിച്ച വാജ്പേയി പത്തു തവണയാണു ലോക്സഭയിലെത്തിയത്. യുപിയിലെ ബൽറാംപുർ, ലക്നോ, ന്യൂഡൽഹി, ഗുജറാത്തിലെ ഗാന്ധിനഗർ, മധ്യപ്രദേശിലെ ഗ്വാളിയോർ, വിദിശ മണ്ഡലങ്ങളിൽനിന്നാണു വാജ്പേയി ലോക്സഭയിലേക്കു വിജയിച്ചത്.
1957ൽ ബൽറാംപുരിലായിരുന്നു വാജ്പേയിയുടെ ആദ്യ വിജയം. ആ തെരഞ്ഞെടുപ്പ് യുപിയിലെ മഥുര, ലക്നോ മണ്ഡലങ്ങളിലും വാജ്പേയി മത്സരിച്ചെങ്കിലും ബൽറാംപുരിൽ മാത്രമാണു വിജയിക്കാനായത്(മണ്ഡല പുനർനിർണയത്തെത്തുടർന്ന് ബൽറാംപുർ മണ്ഡലം ശ്രാവസ്തിയായി). 1962ൽ ബൽറാംപുരിലും ലക്നോവിലും മത്സരിച്ച വാജ്പേയി രണ്ടിടത്തും തോറ്റു. ബൽറാംപുരിൽ 2000 വോട്ടിനായിരുന്നു അദ്ദേഹം തോറ്റത്.
1971ൽ ഗ്വാളിയറിൽനിന്നും 1977, 1980 തെരഞ്ഞെടുപ്പുകളിൽ ന്യൂഡൽഹിയിൽനിന്നുമാണു വാജ്പേയി വിജയിച്ചത്. 1991ൽ മധ്യപ്രദേശിലെ വിദിശയിൽ വിജയിച്ചു. ആ തെരഞ്ഞെടുപ്പിൽ ലക്നോവിലും വാജ്പേയി വിജയിച്ചിരുന്നു. വിദിശ സീറ്റ് അദ്ദേഹം ഒഴിഞ്ഞു. 1991 മുതൽ 2004 വരെ വാജ്പേയി ലക്നോവിൽനിന്ന് അഞ്ചു തവണ വിജയിച്ചു.
1996ലായിരുന്നു ഗാന്ധിനഗറിൽനിന്നു വിജയിച്ചത്. 188,872 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം പിന്നീട് ഈ മണ്ഡലമൊഴിഞ്ഞു. 1984ൽ ഗ്വാളിയോറിൽ മാധവറാവു സിന്ധ്യയോട് 1,75,594 വോട്ടിനു വാജ്പേയി തോറ്റു. വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തോൽവിയായിരുന്നു അത്. പിന്നീട് അദ്ദേഹം തോറ്റ ചരിത്രമില്ല.
വാജ്പേയിക്കു മുന്പ് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവു മൂന്നു സംസ്ഥാനങ്ങളിലെ നാലു ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഹനംകൊണ്ട, നന്ദ്യാൽ, ഒഡീഷയിലെ ബെർഹാംപുർ, മഹാരാഷ്ട്രയിലെ രാംടെക് എന്നിവിടങ്ങളിലാണു റാവു വിജയിച്ചത്.
ഹനംകൊണ്ടയിലും നന്ദ്യാലിലും രാംടെക്കിലും രണ്ടു പ്രാവശ്യം വീതവും ബെർഹാംപുരിൽ ഒരു തവണയുമാണു റാവു വിജയിച്ചത്. 1996ൽ നന്ദ്യാലിലും ബെർഹാപുരിലും വിജയിച്ച നരസിംഹ റാവു ബെർഹാംപുർ ഒഴിഞ്ഞു. ഹനംകൊണ്ടയിൽ ഒരു തവണ റാവു തോറ്റിട്ടുണ്ട്.
മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ബിഎസ്പി-എസ്പി സഖ്യം
ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും സഖ്യത്തിൽ മത്സരിക്കാൻ ബിഎസ്പിയും സമാജ്വാദി പാർട്ടിയും തീരുമാനിച്ചു. ഉത്തർപ്രദേശിൽ ഇരു പാർട്ടികളും സഖ്യത്തിലാണ്.
മധ്യപ്രദേശിൽ ബാലാഘട്ട്സ ടിക്കംഗഡ്സ ഖജുരാഹോ സീറ്റുകളിലും ഉത്തരാഖണ്ഡിൽ ഗഡ്വാൾ(പൗരി) സീറ്റിലും സമാജ്വാദി പാർട്ടി മത്സരിക്കും. ഇരു സംസ്ഥാനങ്ങളിലും മറ്റുള്ള സീറ്റുകളിൽ ബിഎസ്പി മത്സരിക്കും. മധ്യപ്രദേശിൽ 29 സീറ്റുകളും ഉത്തരാഖണ്ഡിൽ അഞ്ചും സീറ്റുകളുമാണുള്ളത്. യുപിയിലെ 80 സീറ്റുകളിൽ ബിഎസ്പി 38എണ്ണത്തിലും എസ്പി 37 എണ്ണത്തിലും മത്സരിക്കും. മൂന്നു സീറ്റ് ആർഎൽഡിക്ക് നല്കിയിട്ടുണ്ട്.