കൊണ്ടോട്ടി: സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്-ജില്ലാപഞ്ചായത്തുകളിൽ വരുന്ന തെരഞ്ഞെടുപ്പിൽ 555 ഇടങ്ങളിലും പ്രസിഡന്റ് സ്ഥാനത്ത് വനിതകൾ.
ത്രിതല പഞ്ചായത്തുകളുടെ പ്രസിഡന്റ് സംവരണ പദവികൾ നിശ്ചയിച്ചതോടെയാണ് 1107 സ്ഥാപനങ്ങളിലായി 555 ഇടങ്ങളിൽ അമരത്ത് സ്ത്രീകൾ ഭരണ കർത്താക്കളാവുക. 552 പ്രസിഡന്റ് പദവികളാണ് ജനറൽ വിഭാഗത്തിലുണ്ടാവുക.
അധ്യക്ഷ പദവിയിലേക്ക് നിശ്ചിത എണ്ണം സ്ഥാനങ്ങൾ സംവരണം ചെയ്തെങ്കിലും ഇവയിലെ നറുക്കെടുപ്പ് നിശ്ചയിച്ചിട്ടില്ല. വാർഡുകളിലേക്കുളള സംവരണ സീറ്റുകളിലും നറുക്കെടുപ്പും ഈ മാസം നടന്നേക്കും. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിൽ 417 ഗ്രാമപഞ്ചായത്തുകളിലും ജനറൽ വനിത സംവരണമാണ്.
46 ഇടങ്ങളിൽ പട്ടിക ജാതി സ്ത്രീ സംവരണവും എട്ടിടങ്ങളിൽ പട്ടിക വർഗ സ്ത്രീ സംവരണവുമായിരിക്കും. 416 ഗ്രാമപഞ്ചായത്തുകളിൽ ജനറൽ പ്രസിഡന്റുമാരായിരിക്കും. 46 ഇടങ്ങളിൽ പട്ടിക ജാതി സംവരണമായും, എട്ട് പട്ടിക വർഗ സംവരണവുമാണ്.
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 77 ഇടങ്ങളിലും പ്രസിഡന്റ് പദവി വനിതാ സംവരണമായിരിക്കും. ഇതിൽ 67 വനിതകൾ ജനറൽ വിഭാഗത്തിലും എട്ട് പട്ടികജാതി വനിതാ സംവരണവും രണ്ട് പട്ടിക വർഗസംവരണവുമാണ്.
67 പ്രസിഡന്റുമാരാണ് ജനറൽ വിഭാഗത്തിലുണ്ടാവുക. ഏഴ് പ്രസിഡന്റ് പദവി പട്ടിക ജാതിക്കും ഒരു പട്ടിക വർഗ വിഭാഗത്തിനും സംവരണമാണ്. പതിനാല് ജില്ലാപഞ്ചായത്തുകളിൽ ഏഴെണ്ണവും വനിതാ സംവരണമായിരിക്കും.
ആറെണ്ണം ജനറലും, ഒരെണ്ണം പട്ടികജാതി സംവരണവുമാണ്. തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ പുറത്തിറക്കിയ അന്തിമ വോട്ടർപട്ടികയിലും ഇത്തവണ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇടം പിടിച്ചിരിക്കുന്നത്. 14,79,541 പുതിയ വോട്ടർമാരാണ് ഈ വർഷം വർധിച്ചത്. ഇവരിൽ 8,01,328 പേരും സ്ത്രീകളാണ്.