നിയാസ് മുസ്തഫ
ഉത്തർപ്രദേശിലെ വിവിഐപി മണ്ഡലമായ വാരാണസി സാക്ഷ്യംവഹിക്കാൻ പോകുന്നത് ത്രികോണ മത്സരത്തിനോ?
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യ സ്ഥാനാർഥിയായി മത്സരിക്കുന്നത് ശാലിനി യാദവ് ആണ്. കോൺഗ്രസ് സ്ഥാനാർഥി ആയി അജയ് റായിയും.
മോദിക്കെതിരേ വാരാണസിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിക്ക് ആഗ്രഹമുണ്ടായിരുന്നു. രാഹുൽഗാന്ധി പറഞ്ഞാൽ വാരാണസിയിൽ മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞതാണ്. എന്നാൽ അവസാന നിമിഷം പ്രിയങ്ക മത്സരിക്കേണ്ടതില്ലായെന്ന തീരുമാനത്തിൽ രാഹുൽഗാന്ധിയും സോണിയ ഗാന്ധിയും എത്തി. ഇതോടെ 2014ൽ മോദിയെ നേരിട്ട അജയ് റായി കോൺഗ്രസിന്റെ സ്ഥാനാർഥി ആയി വീണ്ടും വന്നിരിക്കുന്നു.
മോദിക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ ഏക സ്ഥാനാർഥി എന്ന ആശയം നടപ്പിലാകാതെ പോയതിൽ ബിജെപി ക്യാന്പ് ആഹ്ലാദത്തിലാണ്. പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കാനെത്തിയാൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യം പിന്തുണ നൽകിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. പ്രിയങ്ക വന്നാൽ മോദി രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു.
വാരാണസിയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ മോദി ക്യാന്പ് വിജയം ഉറപ്പിച്ചിട്ടുണ്ട്. 2014ൽ 3,71,784വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി വിജയിച്ചത്. നരേന്ദ്രമോദി 5,81,022 വോട്ടും ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ 2,09,238 വോട്ടും നേടിയപ്പോൾ കോണ്ഗ്രസിലെ അജയ് റായി 75,614 വോട്ടാണ് നേടിയത്. ബിഎസ്പിയിലെ വിജയ് പ്രകാശ് ജയ്സ്വാൾ 60,579 വോട്ടുകൾ നേടി.
2014ൽ മോദി തരംഗം രാജ്യത്ത് നിലനിന്നിരുന്നു. ഇന്ന് ആ തരംഗം ഇല്ലായെന്നത് പ്രതിപക്ഷത്തിന് ആശ്വാസം നൽകുന്നു.
2014ലെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കുറഞ്ഞത് രണ്ടുലക്ഷം വോട്ടിന് മോദി വിജയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ അട്ടിമറി വിജയം നേടുമെന്നാണ് ശാലിനി യാദവിന്റെ അവകാശവാദം. മോദിയുടെ പരാജയം ഉറപ്പാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്.
അതേസമയം, മത്സരിക്കുന്നത് അജയ് റായ് ആണെങ്കിലും പ്രിയങ്ക ഗാന്ധിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കോൺഗ്രസ് നടത്തുക. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുതൽ അജയ് റായ് നേടുകയും മോദിയുടെ ഭൂരിപക്ഷം കുറയുകയും ചെയ്താൽ അത് പ്രിയങ്കയുടെ നേട്ടമായി മാറും. എന്നാൽ കഴിഞ്ഞ തവണ തോറ്റ അജയ് റായിയെ വീണ്ടും സ്ഥാനാർഥി ആക്കിയതിൽ ചില കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പുണ്ട്.
ഈ എതിർപ്പ് പ്രിയങ്ക ഇടപെടുന്നതോടെ പരിഹരിക്കപ്പെടും.തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മേയ് 19നാണ് വാരാണസിയിൽ തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതി ഇന്നാണ്.