ബാബു ചെറിയാൻ
അദീപ് ബേബി
വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്നു കാർഷിക ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്നതാണു വയനാട് ലോക്സഭാ മണ്ഡലം. സംസ്ഥാനത്തുതന്നെ യുഡിഎഫ് ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലൊന്നാണു വയനാട്. 2009 ലെ മണ്ഡല രൂപീകരണത്തിനുശേഷം രണ്ട് തവണയും യുഡിഎഫ്തന്നെയാണു വിജയം നേടിയത്.
കർഷകരും കർഷകതൊഴിലാളികളുമടങ്ങുന്ന അടിസ്ഥാനവർഗം നിർണായക ശക്തികേന്ദ്രമായ ഇവിടെ അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഉരുക്കുകോട്ടയായതാണു ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ചരിത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയും, കൽപ്പറ്റയും , തിരുവന്പാടിയും, നിലന്പൂരും ഇടതിനെ തുണച്ചപ്പോൾ സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമേ വലതിന് രക്ഷയായുള്ളൂ. സിപിഎം സ്ഥാനാർഥികളാണു നാലിടത്തും ജയിച്ചുകയറിയത്.
2009 ല്‍ നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണു വയനാട്. യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് 153439 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. സിപിഐയിലെ എം. റഹ്മത്തുള്ളയായിരുന്നു എതിര് സ്ഥാനാര്‍ഥി. എന്നാല്‍ 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ തെരഞ്ഞടുപ്പിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഷാനവാസിനു സാധിച്ചില്ല. 20870 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. സിപിഐയിലെതന്നെ സത്യന് മൊകേരിയായിരുന്നു എതിര് സ്ഥാനാര്‍ഥി.
അനായാസമായി ജയിച്ചുകയറാമെന്നതിനാൽ വയനാട്ടിൽ മത്സരിക്കാൻ പുറമേനിന്നുള്ളവരുടെ പട ഇത്തവണയും തയാറെടുപ്പിലാണ്. എന്നാൽ, ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജയിച്ചുകയറാമെന്ന ധാരണ ഇത്തവണ മാറ്റിക്കൊടുക്കണെന്ന പ്രഖ്യാപനവുമായി കുടിയേറ്റ മേഖലയിലെ ഒരുവിഭാഗം നേരത്തെതന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. പുരുഷ വോട്ടര്‍മാര്‍ 644409 ഉം സ്ത്രീ വോട്ടര്‍മാര്‍ 661732 ഉം ഉള്‍പ്പെടെ 1306141 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
അടുത്തിടെ അന്തരിച്ച സിറ്റിങ്ങ് എംപി എം.ഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ്, മഹിളാ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ, ലോയേഴ്സ് കോൺഗ്രസ് അധ്യക്ഷൻ ടി.ആസിഫലി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ തുടങ്ങി ഒരു പടതന്നെ വയനാട്ടിലേക്ക് കുപ്പായംതയ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ഉപശാലാ സംസാരം.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെ ഇത്തവണ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുണ്ട്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർഥിക്കാണ് കോൺഗ്രസ് മുൻഗണന നൽകുക. ഇക്കുറിയും സിപിഐ നേതാവ് സത്യൻ മൊകേരിയെ മത്സരിപ്പിക്കുമെന്നാണ് പറഞ്ഞുകേൾക്കുന്നത്.
സിപിഐ മുൻ മലപ്പുറം ജില്ലാ സെക്രട്ടറി പി.പി.സുനീറാണ് സാധ്യതാപട്ടികയിലുള്ള മറ്റൊരാൾ. പൊതു സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്ന നിലപാടിലാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്. എന്നാല്‍ അപ്രതീക്ഷിതമായി ഒരു പൊതുസ്ഥാനാര്‍ഥി കടന്നുവരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എം.പി. വീരേന്ദ്രകുമാര്‍ ഇടത്പാളയത്തിലേക്കു തിരിച്ചെത്തിയതും എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
കാര്‍ഷിക മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഗുണകരമാകുന്ന പാക്കേജുകള്‍, വയനാട് മെഡിക്കല്‍ കോളജ്, വന്യമൃഗശല്യത്തില്‍ നിന്നുള്ള സംരക്ഷണം, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി കാര്‍ഷിക മേഖലയെ പുനര്‍ജീവിപ്പിക്കല്‍, ചുരം ബദല്‍ റോഡ്, റെയില്‍വേ, രാത്രിയാത്രാ നിരോധനം പിന്‍വലിക്കല്‍ ഇങ്ങനെ നിരവധി ആവശ്യങ്ങളാണ് ചുരത്തിന് മുകളില്‍ ജനങ്ങള്‍ ഉന്നയിക്കുന്നത്.