വലതുമാറി, ഇടതുവച്ച്…
വെള്ളാങ്കല്ലൂർ ബ്ലോക്കിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി വിജയിച്ച തോമസ് കോലംങ്കണ്ണി ഇത്തവണ ഇടതു മുന്നണിയുടെ സ്ഥാനാർഥിയാണ്.
കഴിഞ്ഞ തവണ വേളൂക്കര പഞ്ചായത്തിൽ തുന്പൂർ ഡിവിഷനിൽ നിന്നും 758 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു “കൈപ്പത്തി’ ചിഹ്നത്തിൽ വിജയിച്ചത്. എന്നാൽ ഇത്തവണ ഗ്യാസ് സ്റ്റൗ, ടേബിൾ ഫാൻ എന്നിവയാണു ചിഹ്നങ്ങളായി ആവശ്യപ്പെട്ടിരിക്കുന്നത്.
വേളൂക്കര പഞ്ചായത്തിലെ ആറാം വാർഡിൽ ഇടതുപക്ഷത്തിൽ കേരള കോണ്ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തെത്തിയപ്പോൾ മാണി വിഭാഗത്തിന്റെ സ്ഥാനാർഥിയാണു ഇപ്പോൾ തോമസ് കോലംങ്കണ്ണി.
50 വർഷമായി ഒരു കുടുംബത്തിൽ നിന്നും സ്ഥിരമായി സ്ഥാനാർഥി വരുന്നതിന്റെ അമർഷമാണ് തന്നിലുള്ളതെന്ന് തോമസ് പറയുന്നു. എന്നാൽ, സ്ഥാനാർഥി പട്ടിക നിശ്ചയിക്കുന്നതിനു മുന്പേ മറുകണ്ടം ചാടിയത് പട്ടികയിൽ ഇടംനേടാനാണെന്നും വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ബിബിൻ തുടിയത്ത് ആരോപിക്കുന്നു.
ഇടതുമാറി… വലതുവച്ച്
സിപിഐയുടെ ബ്ലോക്ക് സെക്രട്ടറി സ്ഥാനവും ലോക്കൽ കമ്മിറ്റിയംഗ സ്ഥാനവും രാജി വച്ചാണു വേളൂക്കര 18-ാം വാർഡിലെ കെ.ടി. സുബ്രഹ്മണ്യൻ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്നത്.
കഴിഞ്ഞ 10 വർഷം സിപിഐ നടവരന്പ് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഇടതു പക്ഷത്തിന്റെ ജനങ്ങളോടുള്ള രാഷ്ട്രീയ സമീപനത്തിൽ ഉണ്ടായ അരക്ഷിതാവസ്ഥയാണു താൻ യുഡിഎഫിനോടൊപ്പം ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചതെന്നു സുബ്രഹ്മണ്യൻ പറയുന്നു.
പൂഴിക്കടകൻ……
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായതോടെ അണിയറിയിൽ കൂടുമാറ്റങ്ങളുടെ ചിത്രവും തെളിയുന്നു. ആഗ്രഹിച്ച സീറ്റ് കിട്ടിയില്ലെങ്കിൽ, കൊടുക്കാൻ തയാറായ പാർട്ടിയിലേക്ക് മാറിയാണ് സ്ഥാനാർഥികൾ മണ്ഡലത്തോട് “കൂറ്’ പുലർത്തുന്നത്.
വേളൂക്കരയിൽ കോണ്ഗ്രസ് നേതാവിനെ ഇടതു പാളയിലെത്തിച്ചു സ്ഥാനാർഥിയാക്കിയപ്പോൾ ഇടതു പാർട്ടിയുടെ ബ്രാഞ്ചു സെക്രട്ടറിയെ യുഡിഎഫിന്റെ സ്ഥാനാർഥിയാക്കിയാണ് അവർ പകരം വീട്ടിയത്.
ഏത് അടവാണ് വിജയിക്കുകയെന്നറിയാൻ ഡിസംബർ 16 വരെ കാത്തിരിക്കേണ്ടിവരും. ഇതിനിടയിൽ ജയിക്കാനായി പൂഴിക്കടകൻ പ്രയോഗിക്കുന്നവർ ആരാകുമെന്ന് കാത്തിരുന്നു കാണാം.
ആദർശം മാറിയാലും പാർട്ടി മാറിയാലും നേതാക്കൾ മാറണമെന്ന് വോട്ടർമാർ ആഗ്രഹിച്ചാൽ ആരെയും കുറ്റംപറയാനാകില്ല.
തെരഞ്ഞെടുപ്പ് കൺവൻഷൻ
വടക്കാഞ്ചേരി:യുഡിഎഫ് നഗരസഭ തിരഞ്ഞെടുപ്പ് കണ്വെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി ഷാഹിദ റഹിമാൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്റെ അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ.അജിത് കുമാർ, ഉമ്മർ ചെറുവായിൽ, ജോണി ചിറ്റിലപ്പള്ളി, മനോജ് കടന്പാട്ട്, ജോയി നീലങ്കാവിൽ, എസ്.എ.എ. ആസാദ്, സി.എ. ശങ്കരൻകുട്ടി, എൻ.ആർ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.