മലപ്പുറം: വേങ്ങര മണ്ഡലത്തിൽ സെപ്തംബർ 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 1,70,009 വോട്ടർമാർ. ഇതിൽ 87,750 പുരുഷവോട്ടർമാരും 82,259 സ്ത്രീ വോട്ടർമാരുമാണുള്ളത്. ഇതിൽ മൂന്നു സർവീസ് വോട്ടുകളും ഉൾപ്പെടും. ഇതിനു പുറമെ വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന 178 പ്രവാസി വോട്ടുകളും വേങ്ങരയിലുണ്ട്. ഇതിൽ 169 പുരുഷന്മാരും ഒന്പതു വനിതകളുമാണ്.
2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ കണക്കനുസരിച്ചു മണ്ഡലത്തിൽ 1,68,475 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 86,934 പുരുഷന്മാരും 81,541 സ്ത്രീകളുമായിരുന്നു. 148 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ഉണ്ടാവുക.
ഇതിൽ 28 കേന്ദ്രങ്ങളിൽ രണ്ടു പോളിംഗ് സ്റ്റേഷനുകളും മൂന്നു കേന്ദ്രങ്ങളിൽ 12 പോളിംഗ് സ്റ്റേഷനുകളും നാല് കേന്ദ്രങ്ങളിൽ രണ്ടു പോളിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കും. ഇതിൽ 99 ബുത്തുകൾക്കും റാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു.
മണ്ഡലത്തിൽ 14 രാഷ്ട്രീയ പ്രശ്ന ബാധിത ബൂത്തുകളുള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനായി 236 വി.വി പാറ്റ് മെഷീനുകളും 400 വീതം കണ്ട്രോൾ, പോളിങ്ങ് യൂണിറ്റുകളും സജ്ജീകരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ജോലിക്കായി ആകെ 990 പോളിംഗ് ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനായി മൂന്നു വീതം ഫ്ളയിംഗ്, സ്റ്റാറ്റിക്സ് സർവലൻസ്, വീഡിയോ സ്ക്വാഡുകളെ തയാറാക്കിയിട്ടുണ്ട്. ഇവ മണ്ഡലത്തിൽ പ്രവർത്തിച്ചുവരുന്നു. അഞ്ച് മാതൃക പോളിംഗ് സ്റ്റേഷനുകളും അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകളും മണ്ഡലത്തിൽ പ്രവർത്തിക്കും.