പത്തനംതിട്ട: സ്ഥിരം മണ്ഡലങ്ങളിലെ വച്ചുമാറ്റം വിജയ സാധ്യത വര്‍ധിപ്പിക്കുമോയെന്ന് യുഡിഎഫില്‍ സജീവ ചര്‍ച്ച. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി മണ്ഡലങ്ങള്‍ തമ്മിലുള്ള വച്ചുമാറ്റമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
കേരള കോണ്‍ഗ്രസ് സ്ഥിരമായി മത്സരിച്ചുവരുന്ന തിരുവല്ല മണ്ഡലം ഇക്കുറി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യവുമായി പ്രാദേശിക നേതാക്കള്‍ കെപിസിസിക്ക് കത്തുനല്‍കി. എന്നാല്‍ തിരുവല്ല വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്.
ഇക്കാര്യം പാര്‍ട്ടി നേതാവ് പി.ജെ. ജോസഫ് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. തിരുവല്ലയ്ക്കു പകരം റാന്നി കേരള കോണ്‍ഗ്രസിന് എന്ന നിര്‍ദേശമാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്.
ജോസഫിന്റെ നിലപാട്
തിരുവല്ലയില്‍ തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതാണ് മണ്ഡലം ഏറ്റെടുക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കാന്‍ കാരണം. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചയില്‍ തിരുവല്ല മണ്ഡലം നിര്‍ണായകമാകും.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം.പുതുശേരി മത്സരിച്ച മണ്ഡലമാണിത്. പുതുശേരി ജോസഫ് ഗ്രൂപ്പിനൊപ്പമുള്ളതിനാല് യാതൊരു ചര്‍ച്ചയുമില്ലാതെ തന്നെ മണ്ഡലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടി നിശ്ചയിക്കുമെന്നുമാണ് പി.ജെ. ജോസഫിന്റെ നിലപാട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവല്ല നഗരസഭയിലടക്കം കേരള കോണ്‍ഗ്രസിനുണ്ടായ വിജയം കൂടി പരിഗണിച്ച് അടിസ്ഥാനപരമായി പാര്‍ട്ടിക്കുള്ള സ്വാധീനം ജോസഫ് എടുത്തുകാട്ടുന്നു. തിരുവല്ലയിലുള്ള സ്വാധീനം റാന്നിയില്‍ കേരള കോണ്‍ഗ്രസിനില്ലെന്നതാണ് ജോസഫിന്റെ നിലപാട്.
എന്നാല്‍ തുടര്‍ച്ചയായ പരാജയം ഏറ്റുവാങ്ങുന്ന കേരള കോണ്‍ഗ്രസിന് ഇത്തവണയും സീറ്റ് നല്കിയാല് ജയസാധ്യത കുറയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിലവിലുള്ള തര്‍ക്കങ്ങളും കോണ്‍ഗ്രസ് എടുത്തുകാട്ടുന്നു.
കേരള കോണ്‍ഗ്രസ് പരാജയപ്പെട്ട മൂന്ന് തെരഞ്ഞെടുപ്പുകളിലും അവരുടെ സ്ഥാനാര്‍ഥി നിര്‍ണയം ഏകകണ്ഠമായിരുന്നില്ല.
കോണ്‍ഗ്രസ് മത്സരിച്ചുവരുന്ന റാന്നിയിലാകട്ടെ 1996 മുതല്‍ അവര്‍ക്ക് വിജയിക്കാനായിട്ടില്ല.
2011ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലാതിര്‍ത്തി മാറിയതോടെ കേരള കോണ്‍ഗ്രസിന്റെ പഴയ മണ്ഡലമായ കല്ലൂപ്പാറയില്‍ ഉള്‍പ്പെട്ടിരുന്ന മൂന്ന് പഞ്ചായത്തുകള്‍ കൂടി റാന്നിയുടെ ഭാഗമായിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമായി മുമ്പ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ച പാരമ്പര്യമുള്ള മണ്ഡലവുമാണ് റാന്നി.
റാന്നിയിലെ ഇത്തരം സാധ്യതകള്‍ കേരള കോണ്‍ഗ്രസിനു മുമ്പിലുണ്ടെങ്കിലും പത്തനംതിട്ടയ്ക്കു പുറത്തെ സീറ്റുകളില്‍ ധാരണ രൂപപ്പെടാത്ത സാഹചര്യത്തില്‍ വച്ചുമാറ്റമെന്ന ആശയം ചര്‍ച്ച ചെയ്യാന്‍ തന്നെ പി.ജെ. ജോസഫ് തയാറാകില്ലെന്നാണ് സൂചന.
കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ വിഷയത്തില്‍ ഇടപെടുവിച്ച് മണ്ഡലം ഏറ്റെടുക്കാമെന്ന പ്രതീക്ഷ തിരുവല്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൈവിട്ടിട്ടുമില്ല.
തിരുവല്ല സീറ്റിന് അവകാശവാദം ഉന്നയിച്ച് വിക്ടര്‍
പത്തനംതിട്ട: തിരുവല്ല നിയമസഭ മണ്ഡലം യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തനിക്ക് അര്‍ഹതപ്പെട്ടതാണെന്ന് വിക്ടര്‍ ടി.തോമസ്. 2006, 2011 തെരഞ്ഞെടുപ്പുകളില്‍ തിരുവല്ലയില്‍ മത്സരിച്ച തനിക്ക് 2016ല്‍ പാര്‍ട്ടിയിലുണ്ടായ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ ജോസഫ് എം.പുതുശേരിക്കുവേണ്ടി മാറികൊടുക്കേണ്ടിവന്നു.
ഇത് പൊതുപ്രസ്താവന നടത്തിയും അന്നത്തെ പാര്‍ട്ടി ചെയര്മാന് കെ.എം. മാണിയുമായി ധാരണ ഉണ്ടാക്കിയുമാണ്. ആ നിലയ്ക്ക് ഇത്തവണ തിരുവല്ല സീറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്നും വിക്ടര്‍ പറഞ്ഞു. താന്‍ മത്സരിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലും റിബലുകളാണ് ഭീഷണി ഉയര്‍ത്തിയത്.
റിബലുകള്‍ കാരണം പരാജയമറിഞ്ഞ താന്‍ ഒരിക്കലും ഇത്തരം നടപടികള്‍ക്ക് മുതിരില്ലെന്നും പാര്‍ട്ടി തനിക്ക് സീറ്റ് തരുമെന്ന ഉറച്ച വിശ്വാസമാണുള്ളതെന്നും വിക്ടര്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിനെ അറിയിച്ചിട്ടുണ്ട്.
തിരുവല്ല സീറ്റ് ജോസഫ് വിഭാഗത്തിന് അവകാശപ്പെടാന്‍ തന്നെ കാരണം തന്റെ വരവാണ്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുമായാണ് താന്‍ ജോസഫ് വിഭാഗത്തോടൊപ്പം എത്തിയതെന്നും വിക്ടര്‍ ചൂണ്ടിക്കാട്ടി.