കോട്ടയം: കോണ്ഗ്രസ്, സിപിഎം, സിപിഐ, ബിജെപി സ്ഥാനാർഥികൾക്കായി പ്രമുഖ നേതാക്കൾ വീഡിയോ അഭ്യർഥനയുമായി രംഗത്തെത്തി.
കോവിഡ് സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി പൊതു സന്പർക്കമില്ലാതെ വോട്ടറെ തേടി നേതാക്കൾ എത്തുന്നതിനോട് ജനങ്ങൾക്കും മികച്ച പ്രതികരമാണ് എങ്ങും.
തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന ചിഹ്നത്തോടെയുള്ള അഭ്യർഥന നേതാക്കന്മാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. ഇതു സ്ഥാനാർഥിയും അണികളും പങ്കുവെച്ചു വോട്ടറുടെ അടുക്കലേക്ക് എത്തിക്കുകയാണ്.
പ്രമുഖ നേതാക്കന്മാരുടെ വീഡിയോ അഭ്യർഥനയ്ക്കു മികച്ച സ്വീകരണമാണ് ജനങ്ങളും നൽകുന്നത്. കോണ്ഗ്രസ് സ്ഥാനാർഥികൾക്കു വേണ്ടി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല,
എ.കെ. ആന്റണി എന്നിവരും വനിതാ സ്ഥാനാർഥികൾക്കായി ആലത്തൂർ എംപി രമ്യാ ഹരിദാസ്, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷുമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സിപിഎം സ്ഥാനാർഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണി, എ. വിജയകുമാർ, എം.എ. ബേബി തുടങ്ങിയവരാണ് അഭ്യർഥനയുമായി സമൂഹ മാധ്യമങ്ങളിലെത്തിയത്. മന്ത്രി കെ.കെ. ഷൈലജ, പി.കെ. ശ്രീമതി, വൃന്ദാ കാരാട്ട് എന്നിവർ വനിതകൾക്കായും സജീവമായുണ്ട്.
വി.എസ്. സുനിൽകുമാർ, കാനം രാജേന്ദ്രൻ, ബിനോയി വിശ്വം, കനയ്യകുമാർ എന്നിവരാണ് സിപിഐയിൽ നിന്നുള്ളവർ. കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖൻ എന്നിവരുടെ സംഘം ബിജെപി സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥനയുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു.