കണ്ണൂർ: പത്രികാ സമർപ്പണം പൂർത്തിയായതോടെ വിമതശല്യം പരിഹരിക്കാൻ നേതാക്കൾക്ക് രംഗത്തിറങ്ങി. യുഡിഎഫിന് തന്നെയാണ് വിമത ശല്യം തലവേദനയായിരിക്കുന്നത്.
കോർപറേഷനിലും പഞ്ചായത്തുകളിലുമാണ് യുഡിഎഫിന് വിമതൻമാർ ഭീഷണിയായിരിക്കുന്നത്. പത്രിക പിൻവലിക്കാൻ നാലു ദിവസങ്ങളാണ് ഇനി ശേഷിക്കുന്നത്.
23 നാണ് പത്രിക പിൻവലിക്കേണ്ടത്. ഇതിനിടയിൽ വിമതൻമാരുമായി യുഡിഎഫ് നേതാക്കൾ ചർച്ച തുടങ്ങി കഴിഞ്ഞു. രാവിലെ മുതൽ തുടങ്ങുന്ന ചർച്ച പുലർച്ചെവരെ നീളും.
കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കൾ വിമതൻമാരുമായി നടത്തിയ ചർച്ച നീണ്ടത് പുലർച്ചെ മൂന്നുവരെയായിരുന്നു. ചിലയിടങ്ങളിൽ യുഡിഎഫ് നേതൃത്വം ഇടപെട്ട് രണ്ടും മൂന്നും പത്രിക കൊടുത്തിട്ടുണ്ട്.
പത്രിക പിൻവലിക്കാത്ത സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾക്കെതിരേ കർശന നടപടിയെടുക്കാനാണ് കോൺഗ്രസിന്റെയും ലീഗിന്റെയും തീരുമാനം. എൽഡിഎഫിലും ബിജെപിയിലും വിമതശല്യം താരതമ്യേന കുറവാണ്.
അതിനാൽ അവർ പ്രചാരണത്തിന്റെ ഒന്നാംഘട്ടം കഴിയുകയും ചെയ്തു.ജില്ലയില്‍ ഇന്നലെ ലഭിച്ചത് 2687 നാമനിര്‍ദ്ദേശ പത്രികകളാണ്. ജില്ലാ പഞ്ചായത്തില്‍ ലഭിച്ചത് 46 പത്രികകളാണ്.
കോര്‍പ്പറേഷനില്‍ 175 ഉം നഗരസഭകളില്‍ 558ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 300 ഉം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1608 നാമനിര്‍ദ്ദേശ പത്രികകളുമാണ് ഇന്നലെ ലഭിച്ചത്. ഇതോടെ ജില്ലാ പഞ്ചായത്തില്‍ 122 പത്രികകളായി.
കോര്‍പ്പറേഷനില്‍ 436ഉം നഗരസഭകളില്‍ 1899ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 841 ഉം ഗ്രാമ പഞ്ചായത്തുകളില്‍ 6966 നാമനിര്‍ദ്ദേശ പത്രികകളാണ് ആകെ ലഭിച്ചത്.
നഗരസഭകളില്‍ ആകെ- 558 പത്രികകൾ സമർപ്പിച്ചു. തളിപ്പറമ്പ്- 85,കൂത്തുപറമ്പ്- 23, തലശ്ശേരി – 118, പയ്യന്നൂര്‍- 80, ഇരിട്ടി- 68,പാനൂര്‍- 121, ശ്രീകണ്ഠാപുരം- 38, ആന്തൂര്‍- 25. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു രാവിലെ മുതൽ തുടങ്ങി.