ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. സാധാരണക്കാരെയും പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നവരെയും വിട്ടുപോയവരെയും തിരിച്ചെത്തിക്കാൻ പ്രത്യേക മാർഗരേഖ തയാറാക്കി കേരളത്തിൽ നീങ്ങണമെന്നു നിർദേശം നൽകി.
തൊഴിലാളിവർഗത്തെ ചേർത്തുപിടിച്ചുള്ള പാർട്ടിയുടെ വർഗപരമായ സമീപനത്തിൽനിന്നു വ്യതിചലിച്ചുനീങ്ങുന്നത് അപകടമാണെന്ന അഭിപ്രായമാണു യോഗത്തിലുണ്ടായത്. കേരളത്തിൽ ഈ അകൽച്ച ബിജെപിയുടെ വളർച്ചയ്ക്കു വളമാകുന്നുവെന്നാണ് വിലയിരുത്തൽ.
പാർട്ടിനയം മുറുകെപ്പിടിച്ച് ജനവിശ്വാസമാർജിക്കാനുള്ള തീവ്രയജ്ഞം സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ജനവിശ്വാസം വീണ്ടെടുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള തിരുത്തൽ പ്രക്രിയ നടത്തണമെന്നും കേരളാഘടകത്തിനു നിർദേശം നൽകി.
തൃശൂരിൽ ബിജെപിയുടെ വിജയത്തിലേക്കു കാര്യങ്ങളെത്തിച്ചത് സംഘടനാതലത്തിലെ വീഴ്ചയാണ്. ഇതു പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും യോഗം വിലയിരുത്തി. അടിസ്ഥാനവോട്ടുകൾ ചോർന്നത് പരിശോധിച്ച് മുന്നോട്ടു നീങ്ങാനും യോഗത്തിൽ തീരുമാനമായി.