ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനു നടക്കാനിരിക്കെ പരസ്യപ്രചാരണം നാളെ വൈകിട്ട് അഞ്ചിന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന മാർച്ച് 16 മുതൽ 75 ദിനം നീണ്ട പ്രചാരണത്തിനാണു നാളെ കൊടിയിറങ്ങുന്നത്. 543 അംഗ ലോക്സഭയിലേക്ക് ഏഴുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇനി ശേഷിക്കുന്നത്. ജൂൺ നാലിനു വോട്ടെണ്ണും.
ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെയുള്ള 13 സീറ്റുകളിലാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. പശ്ചിമബംഗാളിൽ ഒൻപതിലും ബിഹാറിൽ എട്ട് സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, അഭിഷേക് ബാനർജി, ലാലുപ്രസാദിന്റെ മകൾ മിസാ ഭാരതി എന്നിവർ അവസാനഘട്ടത്തിൽ ജനവിധി തേടുന്നു.
വലിയ വിജയം പ്രതീക്ഷിക്കുന്ന എൻഡിഎ തുടർച്ചയായ മൂന്നാംതവണയും സർക്കാർ രൂപീകരണത്തിനുള്ള ആലോചനയിലാണ്. അതിനിടെ നാളെ രാത്രി മുതൽ 48 മണിക്കൂർ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനമിരിക്കും. ഇന്ത്യാസഖ്യവും വലിയ പ്രതീക്ഷയിലാണ്. സഖ്യനേതാക്കൾ ജൂൺ ഒന്നിന് അടിയന്തര യോഗം ചേരും.
മോദിയും അമിത്ഷായും ജൂൺ നാലിന് തൊഴിൽരഹിതരാകും: ഖാർഗെ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ജൂൺ നാലിന് നരേന്ദ്ര മോദിയും അമിത്ഷായും തൊഴിൽരഹിതരാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കാറ്റ് മാറി വീശുകയാണെന്നു മമത ബാനർജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു സീറ്റ് ഒഴികെ യുപിയിലെ എല്ലാ സീറ്റിലും ഇന്ത്യ സഖ്യം വിജയിക്കുമെന്നായിരുന്നു അഖിലേഷ് യാദവിന്റെ അവകാശവാദം. ഡബിള് എഞ്ചിൻ സർക്കാരിന് അവസാനമായി. 400 സീറ്റ് കിട്ടുമെന്നു പറയുന്ന ബിജെപി 400 സീറ്റിൽ തോല്ക്കാനാണു പോകുന്നതെന്നും അഖിലേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിക്ക് ഇത്തവണ 200 സീറ്റുകൾ പോലും നേടാനാകില്ലെന്ന് ശശിതരൂർ എംപി പറഞ്ഞു. ജൂൺ നാലിനു രാജ്യത്തു ഭരണമാറ്റം ഉണ്ടാകും. ഇന്ത്യാ സഖ്യം മികച്ച ഭൂരിപക്ഷത്തിൽ ഭരണത്തിലേറുമെന്ന് തരൂർ ഷിംലയിൽ പറഞ്ഞു. സർക്കാർ രൂപീകരണത്തിനു ശേഷം കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കും.