തിരുവനന്തപുരം: ഈ മാസം 25 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പത്രസമ്മേളനത്തിൽ അറിയിച്ചു. നാമനിർദേശ പത്രിക പിൻവലിക്കുന്ന ഏപ്രിൽ എട്ടു വരെ പേരു ചേർക്കാമെന്നാണ് തത്വത്തിലുള്ള തീരുമാനം. എന്നാൽ, വൈകി കിട്ടുന്ന അപേക്ഷകളിലുള്ള പരിശോധനാ നടപടികൾ വൈകാനിടയുണ്ട്. ഇക്കാരണത്താൽ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് അപേക്ഷ നൽകേണ്ട അവസാന തീയതി 25 ആയി നിജപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർ പട്ടികയിൽ പേര് വിട്ടുപോയാൽ 1950 എന്ന ടോൾ ഫ്രീ നന്പറിൽ അറിയിക്കാം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നന്പർ 1800-425-1965 ആണ്. www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാം.
ജനുവരി 30 ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു ലക്ഷം അപേക്ഷകൾ പുതുതായി ലഭിച്ചു. ഇതിൽ നടപടി പുരോഗമിക്കുന്നു. ജനുവരി 30 ലെ പട്ടിക പ്രകാരം സംസ്ഥാനത്ത് മൊത്തം 2,54,08711 വോട്ടർമാരുണ്ട്. ഇതിൽ 1,22,97403 പേർ പുരുഷന്മാരാണ്.
സ്ത്രീ വോട്ടർമാരുടെ എണ്ണം 1,31,11,189 ആണ്. 119 ട്രാൻസ്ജെൻഡറുകളും വോട്ടർപട്ടികയിലുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറച്ച് വോട്ടർമാരുള്ളത്. 5,81,245 വോട്ടർമാരാണ് വയനാട്ടിലുള്ളത്.