കൊല്ലം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് 2019 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള വോട്ടര്‍പട്ടികയുടെ കരട് 2018 സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 2018 ഒക്ടോബര്‍ 31 വരെ പുതുതായി പേര് ചേര്‍ക്കല്‍/തെറ്റ് തിരുത്തല്‍/മരണമടഞ്ഞ/സ്ഥലം മാറിപോയ വോട്ടര്‍മാരെ നീക്കം ചെയ്യല്‍ എന്നിവയ്ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
അപേക്ഷകള്‍ 2018 നവംബര്‍ 30 നകം തീര്‍പ്പാക്കി 2019 ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് നിര്‍ദേശിച്ചു.
അംഗീകൃത രാഷ്ട്രീയ പര്ട്ടികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 70 പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ പുനഃക്രമീകരിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നീക്കം ചെയ്യുകയോ ജീര്‍ണിച്ച് പോകുകയോ ചെയ്തതിനാല്‍ 34 പോളിംഗ് സ്റ്റേഷന് കെട്ടിടങ്ങള്‍ മാറ്റുന്നതിനും മൂന്നെണ്ണം രൂപീകരിക്കുന്നതിനുമുള്ള ശിപാര്‍ശയും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
പൊതുതിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്ക് ജില്ലയില്‍ പുതുതായി എത്തിച്ച വി.വി.പാറ്റ് മെഷീന്, ഇലക്ട്രേണിക് വോട്ടിംഗ് മെഷീന് എന്നിവയുടെ സാങ്കേതിക പരിശോധന ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യയിലെ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.ആര്. ഗോപാലകൃഷ്ണന്, തിരഞ്ഞെടുപ്പ് രജിസ്ട്രേഷന് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.