തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്. തിരുവനന്തപുരം പേട്ടയിലെ മൂന്നു ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6,911 വാർഡുകളിലേക്കാണ് വോട്ടെടുപ്പു നടക്കുന്നത്.
ആകെ 88,26,620 വോട്ടർമാരാണ് ഈ അഞ്ചു ജില്ലകളിലുള്ളത്. ഇതിൽ 42,530 പേർ കന്നിവോട്ടർമാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
കോവിഡിൻറെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്പോഴും പുറത്തു പോകുന്പോഴും സാനിറ്റൈസർ നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തപാൽ വോട്ടിന് അവസരം ലഭിക്കാത്ത കോവിഡ് രോഗികൾക്കും ക്വാറന്ൈറനിൽ കഴിയുന്നവർക്കും വോട്ടിംഗിന്റെ അവസാനമണിക്കൂറിൽ വോട്ട് ചെയ്യാം.
വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു
പത്തനംതിട്ട: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ വോട്ട് ചെയ്യാനെത്തിയയാൾ കുഴഞ്ഞു വീണു മരിച്ചു. റാന്നി നാറാണംമൂഴി ഒന്നാം വാർഡിലാണ് സംഭവം.
പുതുപ്പറമ്പിൽ മത്തായി(90) ആണ് മരിച്ചത്. വോട്ട് ചെയ്തതിന് പിന്നാലെ ഇദ്ദേഹം തളർന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്.