കൊല്ലം: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൂടുതൽ (എംപിഇവിഎം) വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്.
37.39 കോടി രൂപ ചെലവഴിച്ചാണ് പുതിയ മെഷീനുകള്‍ വാങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാര്‍ഡുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതാണ് പുതിയ മെഷീനുകളുടെ ആവശ്യകത സംബന്ധിച്ച് കമ്മീഷന് ബോധ്യപ്പെട്ടത്. 14,000 കണ്ട്രോള് യൂണിറ്റുകള്‍, 26,400 ബാലറ്റ് യൂണിറ്റുകള്‍, 35,000 ഡിഎംഎം . (ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂള്‍) എന്നിവയും ഇതോടൊപ്പം വാങ്ങും.
ഇവ എത്തിക്കുന്നതിനുള്ള ഗതാഗത നിരക്കുകൾ, ലോഡിംഗ്-അൺ ലോഡിംഗ് ചാർജുകളും കമ്മീഷൻ തന്നെയാണ് വഹിക്കേണ്ടത്. 2015-ലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ മെഷീനുകള്‍ വാങ്ങിയിരുന്നു. ഇത് തന്നെയാണ് 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിച്ചത്. അധികമായി ആവശ്യമുള്ളവ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയാണ് മുമ്പ് ചെയ്തിരുന്നത്.
എന്നാല്‍, ഇത്തവണ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് അധിക മെഷീനുകള്‍ നല്കാന് കഴിയില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. വാര്‍ഡ് പുനര്‍നിര്‍ണയത്തിലൂടെ സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളില്‍ 1,375 വാര്‍ഡുകളാണ് വര്‍ധിച്ചത്. 128 മുനിസിപ്പല്‍ വാര്‍ഡുകളും ഏഴ് കോര്പറേഷന് ഡിവിഷനുകളും കൂടിയിട്ടുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലാണ് മൾട്ടി പോസ്റ്റ് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നത്. ഇതിലൂടെ വോട്ടർമാർക്ക് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടുകൾ രേഖപ്പെടുത്താൻ കഴിയും.
- എസ്.ആർ. സുധീർ കുമാർ