അങ്കത്തട്ടിനു തീപിടിച്ചിരിക്കുന്നു. പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പതിനെട്ടടവും പയറ്റിയുള്ള മുന്നണികളുടെ പോരാട്ടം അങ്കത്തട്ടിനെ വിറകൊള്ളിക്കുന്നു.
ആളും ആരവവുമായി കേരള മണ്ണിൽ അങ്കത്തിന് ആഴികൂട്ടാൻ എത്തിയവരിൽ ദേശീയ രാഷ്ട്രീയത്തിലെ സൂപ്പർ സ്റ്റാറുകൾ വരെയുണ്ടായിരുന്നു. ഇനി ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് അവസാനവട്ട പോരാട്ടത്തിനു കോപ്പുകൂട്ടുന്ന തിരക്കിലാണ് കേരളത്തിലെ പ്രധാന മൂന്നു മുന്നണികൾ.
നാടിളക്കിയുള്ള പ്രചാരണം രണ്ടു ദിവസം മാത്രം ശേഷിക്കെ യുഎഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ ഇതിനകം പ്രമുഖരെയെല്ലാം വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തിച്ചുകഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവരെ കൂടാതെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായ ജെ.പി.നഡ്ഡ, അമിത് ഷാ, പ്രിയങ്ക ഗാന്ധി ഡി.കെ. ശിവകുമാർ, പ്രകാശ് കാരാട്ട് എന്നിവരും റോഡ് ഷോകളിലൂടെയും സമ്മേളനങ്ങളിലൂടെയുമൊക്കെ പ്രചാരണവേദികളെ ഇളക്കിമറിച്ചു.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളുമെല്ലാം കൊഴുപ്പുകൂട്ടിയ പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുന്പോൾ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും വിജയസാധ്യതയും സംബന്ധിച്ചു ദീപികയോടു മനസു തുറക്കുകയാണ് കേരളത്തിലെ മൂന്നു മുന്നണികളിലെയും പ്രധാന കക്ഷികളുടെ അമരക്കാർ.