ഹരുണി സുരേഷ്
വൈപ്പിന്‍: ജില്ലയുടെ തീരദേശ മണ്ഡലങ്ങളില്‍ ഒന്നായ ഇപ്പോഴത്തെ വൈപ്പിന്‍ മണ്ഡലത്തിന്റെ ആദ്യകാലത്തെ പേര് ഞാറക്കല്‍ നിയോജകമണ്ഡലമെന്നായിരുന്നു. 2011-ല്‍ മണ്ഡലങ്ങള്‍ പുനംസംഘടിപ്പിച്ച് പുനര്‍നാമകരണം നടത്തിയപ്പോഴാണ് പേര് വൈപ്പിന്‍ എന്നായത്.
മാത്രമല്ല പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളങ്കുന്നപ്പുഴ, കടമക്കുടി പഞ്ചായത്തുകള്‍ മാത്രമായിരുന്നു ഞാറക്കലില്‍ ഉള്‍പ്പെട്ടിരുന്നത്. വൈപ്പിന്‍ ആയപ്പോള്‍ മുളവുകാട് പഞ്ചായത്തിനെയും ഉള്‍പ്പെടുത്തി. ഇതില്‍ കടമക്കുടി, ഞാറക്കല്‍, കുഴുപ്പിള്ളി, പളളിപ്പുറം പഞ്ചായത്തുകള്‍ എല്‍ഡിഎഫും ബാക്കി യുഡിഎഫുമാണ് ഭരിക്കുന്നത്.
ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന കുഴുപ്പിള്ളിയിലും, ഞാറക്കലും എല്‍ഡിഎഫ് ചില നീക്ക് പോക്കുകളിലൂടെ ഭരണം പിടിച്ചെടുത്തതാണ്.
പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പം
മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ആളുകളാണ് മണ്ഡലത്തില്‍ ഭൂരിപക്ഷവും. സാമുദായികമായി നോക്കിയാല്‍ വോട്ടര്‍മാരില്‍ കൂടുതലും ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. മത്സ്യവ്യവസായമാണ് പ്രധാന വ്യവസായം. ബീച്ച് ടൂറിസവും മണ്ഡലത്തിലെ പ്രധാന ശ്രോതസാണ്.
രാഷ്ട്രീയത്തിന്റെ അതിപ്രസരം തുളുമ്പുന്ന മണ്ഡലം ഇടതു വലതു മുന്നണികളെ മാറി മാറി തുണച്ചിരുന്നെങ്കിലും പൊതുവേ ഞാറക്കല്‍ യുഡിഎഫ് അനുകൂല മണ്ഡലമെന്നാണ് അറിയപ്പെട്ടിരുന്നത്. പക്ഷേ വൈപ്പിന്‍ മണ്ഡലമായതോടെ 2011ലും 2016ലും മണ്ഡലം ഇടതുപക്ഷത്തോടൊപ്പമായിരുന്നു നിലകൊണ്ടത്. രണ്ടുതവണയും എസ്. ശര്‍മ്മ വിജയിക്കുകയും ചെയ്തു.
അടുത്തകാലത്തായി ബിജെപിയുടെയും മറ്റു ചില പ്രാദേശിക പാര്‍ട്ടികളുടെയും വളര്‍ച്ചയില്‍ ഇരുമുന്നണികളിലും കൊഴിഞ്ഞ് പോക്ക് ഉണ്ടായിട്ടുണ്ട്. ഇതില്‍ ഇരുമുന്നണികള്‍ക്കും പലയിടങ്ങളിലും ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചിത്രം വെച്ചാണ് ഈ വിലയിരുത്തല്‍.
ചർച്ചകൾ തുടരുന്നു
സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മൂന്നു മുന്നണികളിലും ഇപ്പോഴും അനിശ്ചിതാവസ്ഥ തന്നെയാണ്. ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഉറപ്പായ തീരുമാനങ്ങള്‍ ഇതുവരെ ആയിട്ടില്ലെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന.
ആദ്യഘട്ടത്തില്‍ പ്രാദേശികമായി നടന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞവരുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റുകള്‍ ഇപ്പോള്‍ ഒരോ പാര്‍ട്ടിയുടെയും സംസ്ഥാനതല സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റികളുടെ മുന്നിലാണ്. വന്‍ ലിസ്റ്റുകള്‍ പലതും പാര്‍ട്ടികളുടെ സ്ക്രീനിംഗ് കമ്മിറ്റി വിലയിരുത്തി എണ്ണം ചുരുക്കിയിട്ടുണ്ട്.
ഇനി ഇവരില്‍ ആരെന്നറിയാന്‍ ഒരാഴ്ചകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് മൂന്ന് മുന്നണികളിലേയും നേതാക്കള്‍ പറയുന്നത്.
വീണ്ടും ശർമ വരുമോ
എല്‍ഡിഎഫില്‍ സിറ്റിംഗ് എംഎംല്‍എ സിപിഎമ്മിലെ എസ്. ശര്‍മ്മതന്നെ മത്സരിക്കുമെന്നതായിരുന്നു ആദ്യകാല റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് തവണ അടുപ്പിച്ച് മത്സരിച്ച് ജയിച്ചവര്‍ക്ക് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഇദ്ദേഹത്തിന്റെ വൈപ്പിനിലെ മൂന്നാം മത്സരത്തിനു തടസമായിരിക്കുകയാണ്.
ജില്ലാക്കമ്മിറ്റിയും ശര്‍മ്മയെ തഴയുമെന്നാണ് സൂചനകള്‍. ഇക്കാരണത്താല്‍ വൈപ്പിനിലെ എല്‍ഡിഎഫ് ലിസ്റ്റില്‍ ഇപ്പോള്‍ ശര്‍മ്മക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്, ജില്ലാ സെക്രേട്ടേറിയറ്റ് അംഗം കെ.എന്‍. ഉണ്ണിക്കൃഷ്ണന്, കെഎസ്കെടിയു ഏരിയാ സെക്രട്ടറി എ.പി. പ്രിനില്‍ എന്നീ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് അറിവ്.
മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫ്
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം എന്തു വിലകൊടുത്തും ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കണമെന്ന വാശിയാണ്. കെപിസിസി വൈസ് പ്രസിഡന്റ് കെ.പി. ധനപാലന്, ഐന്‍ടിയുസി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ്, മുന്‍ കെപിസിസി സെക്രട്ടറി എം.വി. പോള്‍, കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍, എന്നിവരാണ് പ്രഥമ പരിഗണനയിലുള്ളത്.
അതേ സമയം ലിസ്റ്റില്‍ മുന്‍ ഡിസിസി സെക്രട്ടറി മുനമ്പം സന്തോഷ്, കോണ്‍ഗ്രസ് പള്ളിപ്പുറം മണ്ഡലം പ്രസിഡന്റ് വി.എസ്. സോളിരാജ് എന്നിവരുടെ പേരുകളുമുണ്ടെന്നാണ് അറിവ്.
ശക്തി കാട്ടാൻ എൻഡിഎ
കഴിഞ്ഞ തവണ എന്‍ഡിഎയില്‍ സഖ്യ കക്ഷിയായ ബിഡിജെഎസ് മത്സരിച്ച ഈ സീറ്റില്‍ ഇക്കുറി ബിജെപി മത്സരിക്കുമെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. അങ്ങിനെ വന്നാല്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി കെ.എസ്. ഷൈജു,നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. വേദരാജ് എന്നിവരിലൊരാളായിരിക്കും സ്ഥാനാര്‍ഥിയെന്ന് ബിജെപി നേതാക്കള്‍ സൂചന നല്കുന്നു.
വെള്ളക്കയറ്റവും കുടിവെള്ളക്ഷാമവും
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക മണ്ഡലത്തിലെ രൂക്ഷമായ വെള്ളക്കയറ്റവും കുടിനീര് ക്ഷാമമായിരിക്കും.
കൂടാതെ ഗോശ്രീ ബസുകളുടെ നഗരപ്രവേശനം, തീരദേശ പാത, അഴീക്കോട്-മുനമ്പം പാലം, കായലോര റോഡ് എന്നിവയുടെ നിര്‍മാണങ്ങളും ചര്‍ച്ച ചെയ്യപ്പെടും. മത്സ്യമേഖലയായതിനാല് ആഴക്കടല്‍ മത്സ്യമേഖല കരാറും ശക്തമായ വിഷയമായി തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വരാം.