പത്തനാപുരം: തെരഞ്ഞെടുപ്പു കാലം ചുമരെഴുത്ത് കലാകാരന്മാര്ക്ക് ആശ്വാസത്തിന്റെ കാലമാണ്. ഫ്ലക്സുകള്‍ക്ക് വിലക്ക് ആയതോടെ ജീവശ്വാസം ലഭിക്കുകയാണ് ചുമരെഴുത്തുകാര്‍ക്ക്. ഫ്ലക്സുകളുടെ അതിപ്രസരം കൊണ്ട് അന്യം നിൽക്കുന്ന കലാകാരൻമാർ വീണ്ടും തൊഴില്‍ മേഖലയില്‍ സജീവമാകുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയം ചുമഴെത്തുകാര്ക്ക് വലിയ ഡിമാന്റുള്ള സമയമാണ്.
സൗകര്യവും സാമ്പത്തികലാഭവും പരിഗണിച്ച് എല്ലാവരും ഫ്ലക്സുകൾക്ക് പിന്നാലെ പോയപ്പോള്‍ കാലങ്ങളായി ചുമരെഴുതി ഉപജീവനം നടത്തിയിരുന്നു വലിയൊരു വിഭാഗം പട്ടിണിയിലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തും മറ്റും ചുമരെഴുത്തുകൾ ഉപജീവനമാക്കിയിരുന്ന നിരവധി കലാകാരൻമാര് വീണ്ടും സജീവമാകുകയാണ്.
പത്ത് വര്‍ഷം മുന്‍പ് വരെ രാത്രികാലങ്ങളിൽ പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ ചായക്കൂട്ടുകൾ ഒരുക്കി ആകർഷകമായ വാചകങ്ങളും പരസ്യബോര്‍ഡുകളും തയ്യാറാക്കുന്നവര്‍ സർവ സാധാരണമായിരുന്നു.അക്ഷരങ്ങള്‍ എഴുതാനും അതില്‍ നിറങ്ങള്‍ നിറയ്ക്കാനും ചിത്രങ്ങള്‍ വരയ്ക്കാനുമെല്ലാം പ്രത്യേകം ആളുകളും ഉണ്ടായിരുന്നു.
കുമ്മായം പൂശിയ ചുമരില്‍ നീലം കൊണ്ടും ചെടികളുടെ ചാറുകള്‍ കൊണ്ടും മഞ്ഞപൊടി കൊണ്ടുമെല്ലാം പരസ്യപ്രചരണങ്ങള്‍ സര്‍വ്വസാധാരണമായിരുന്നു. ഇപ്പോള്‍ നിറങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല.എല്ലാ മുന്തിയ പെയിന്റ് കമ്പിനികളും ചുമരെഴുത്തിനായി പ്രത്യേകം ചായങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.
ചില പ്രദേശങ്ങളിൽ ചുമരെഴുത്തിന് തൊഴിലാളികളെ കിട്ടാതെ വരുന്നതും ആളുകൾ ചുമരുകൾ നൽകാൻ തയ്യാറാകാത്തതും തുണികളിലും എഴുത്തും നടക്കുന്നുണ്ട്. ജില്ലയിലെ മിക്ക നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള ചുമരെഴുത്തുകള്‍ ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ വരച്ചാണ് എഴുത്ത്. അല്ലാത്ത സ്ഥലങ്ങളില്‍ ചിഹ്നവും അഭ്യര്‍ഥനയും മാത്രമായി എഴുതും.വ്യാപാരസ്ഥാപനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും സാംസ്ക്കാരികസംഘടനകളുമെല്ലാം ഇപ്പോള്‍ ചുമരെഴുത്തുകള്‍ക്ക് പ്രധാന്യം നല്‍കുന്നുണ്ട്.