കൊച്ചി: തെരഞ്ഞെടുപ്പ് വിജയത്തിന് എൽഡിഎഫ് നന്ദി പറയേണ്ടത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോടാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
പക്ഷേ, എൽഡിഎഫ് ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി പറയേണ്ടത് സുകുമാരൻ നായരോടാണ്. ജയിച്ച രണ്ട് ഇടതുസ്ഥാനാർഥികൾ പുഷ്പഹാരവുമായി ചങ്ങനാശേരിയിൽ ചെന്ന് സുകുമാരൻനായരുടെ കഴുത്തിലിട്ട് സാഷ്ടാംഗം നമസ്കരിക്കണം. ഇതുപോലെയുള്ള പ്രസ്താവനകൾ ഇനിയും ശക്തമായി നടത്തണമെന്ന് ആവശ്യപ്പെടണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന വിഎസിന്റെ അഭിപ്രായത്തോടു യോജിക്കുന്നെന്നും സാമുദായിക സംഘടനകളുടെ സമവാക്യങ്ങൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നു എന്നതു വസ്തുതയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.