കോട്ടയം: ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സീറ്റു തരാമെന്ന് പറഞ്ഞ് പറ്റിക്കുന്ന പതിവു രീതി ഇത്തവണ നടപ്പില്ല. ഇത്തവണ സീറ്റു തന്നേ പറ്റൂ. ഇതിനായി കാലേക്കൂട്ടി രംഗത്തിറങ്ങിയിരിക്കുകയാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്.
30 ശതമാനം സീറ്റ് യൂത്ത് കോണ്ഗ്രസിസിനു വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ഡിസിസി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി ഫറന്പിൽ എംഎൽഎയുടെയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥ് എംഎൽഎയുടെയും നേതൃത്വത്തിൽ സീറ്റ് അനുവദിക്കണമെന്ന പ്രമേയവും സ്ഥാനാർഥി പട്ടികയും
ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോഷി ഫിലിപ്പിനു കൈമാറി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികൾക്കൊപ്പമെത്തിയാണ് എംഎൽഎമാർ പ്രമേയവും ലിസ്റ്റും കൈമാറിയത്.
സ്ഥാനാർഥി നിർണയ സമിതികളിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ ഉൾപ്പെടുത്താൻ നേരത്തെ കെപിസിസി തീരുമാനിച്ചിരുന്നു. മുൻ വർഷങ്ങളിൽ തങ്ങൾക്ക് സ്ഥാനാർഥി നിർണയത്തിൽ അർഹിക്കുന്ന പ്രാതിധിന്യം ലഭിച്ചില്ലെന്ന് വ്യാപക പരാതിയുണ്ടായിരുന്നു.
സീറ്റിനായി പരിഗണിച്ചശേഷം അവസാന നിമിഷം ഗ്രൂപ്പിന്റെയും വീതംവയ്പ്പിന്റെയും പേരു പറഞ്ഞ് സ്ഥിരം ആളുകൾ സീറ്റുകൾ അടിച്ചുമാറ്റുകയാണെന്നും ചിലർ ത്രിതല പഞ്ചായത്തുകളിലെ മത്സരത്തിൽ നിന്നും മാറാൻ തയാറാകുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിൽ പറയുന്നു.
50 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകിയിട്ടും ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മറ്റു പാർട്ടികൾ
യുവജനങ്ങൾക്ക് വലിയ പ്രാതിനിധ്യം കൊടുക്കുന്പോൾ യൂത്ത് കോണ്‍ഗ്രസിനെ കാലാകാലങ്ങളായി അവഗണിക്കുന്ന നടപടി ഇത്തവണയുണ്ടായൽ ശക്തമായി പ്രതികരിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ പഞ്ചായത്തിൽ അഞ്ച് സീറ്റുകളാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ പോലെ നഗരസഭകളിലും അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയും പ്രമേയവും കോണ്‍ഗ്രസിലെ മുതിർന്ന സ്ഥാനാർഥി മോഹികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
’