സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ടവോട്ടുള്ള ഒരാളെപ്പോലും ഒന്നിലേറെ വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
ഇതിന്റെ ഭാഗമായി വോട്ടർപട്ടികയിലെ ഇരട്ടവോട്ടർമാരെ സോഫ്റ്റ്വേറിന്റെ സഹായത്തോടെ കണ്ടെത്താൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നടക്കമുള്ള സാങ്കേതിക വിദഗ്ധർ സംസ്ഥാനത്തെത്തി പരിശോധന തുടങ്ങി.
തെരഞ്ഞെടുപ്പു കമ്മീഷനു സാങ്കേതിക സഹായം നൽകുന്ന സി ഡാക്കിന്റെ പൂനയിൽനിന്നുള്ള വിദഗ്ധരും എത്തിയിട്ടുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് ഇവർ സാങ്കേതികമായ പിഴവു തിരുത്തുന്നതിനുള്ള നടപടികൾ തുടങ്ങി.
ബിഎൽഒമാർ താഴേത്തട്ടിൽ നിന്നു നൽകുന്ന റിപ്പോർട്ടുകൾ കൂടി ഏകീകരിച്ചു കൊണ്ടാകും നടപടിക്രമങ്ങൾ. വോട്ട് ചെയ്യുന്ന ബൂത്ത് ഏതെന്നു ബിഎൽഒമാർ സ്ഥിരീകരിച്ചു നൽകും.
മറ്റു ബൂത്തുകളിൽ ഇവർ വോട്ട് ചെയ്താൽ സാങ്കേതികമായി അറിയാൻ കഴിയുന്ന സംവിധാനമാകും ഏർപ്പെടുത്തുക.
വ്യാജവോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലേക്ക് സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള റിപ്പോർട്ട് തയാറാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ഇരട്ടവോട്ട് തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ തയാറാക്കുക.
രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം തെരഞ്ഞെടുപ്പു കമ്മീഷൻ പലതവണ വിളിച്ചിട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടു സംബന്ധിച്ച് ഇതുവരെ കാര്യമായ പരാതികൾ ഉന്നയിക്കാതിരുന്നതാണ് അവസാന നിമിഷം പ്രശ്നങ്ങൾ ഇത്രയധികം വഷളാക്കുന്നതിന് ഇടയാക്കിയതെന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെയും നിഗമനം.
എന്നാൽ, ആറിനു നടക്കുന്ന വോട്ടെടുപ്പിൽ ഒന്നിലേറെ വോട്ട് ആരും രേഖപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളാണു നടന്നു വരുന്നത്.
സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ജനറൽ ഒബ്സർവർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ പോലീസ് ഒബ്സർവർ, സാന്പത്തിക പ്രത്യേക നിരീക്ഷകൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇരട്ടവോട്ട് ക്രമക്കേടു സംബന്ധിച്ച് 30നകം റിപ്പോർട്ട് നൽകണമെന്നാണു ജില്ലാ കളക്ടർമാരോടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിൽ പല ജില്ലകളിലും പരിശോധന തുടരു കയാണ്. ഇരട്ടവോട്ട് ക്രമക്കേടു വൻതോതിൽ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണു പല ജില്ലകളിൽ നിന്നു ലഭിച്ച വിവരം.