പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പത്തനംതിട്ട മണ്ഡലത്തില്‍ വിഷയ ദാരിദ്ര്യമേയില്ല. നാട്ടിലെ എല്ലാ പ്രശ്നങ്ങളും പത്തനംതിട്ടക്കാരുടെ ചര്‍ച്ചകളിലുണ്ട്.
നാടിന്റെ സാമ്പത്തിക സ്ഥിതി മുതല്‍ അടുക്കള ബജറ്റുവരെ ചര്‍ച്ച ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ഥികളും മുന്നണികളും മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തു തന്നെ ചര്‍ച്ചയ്ക്ക് അടിസ്ഥാനമായ ചില വിഷയങ്ങള്‍കൂടി പത്തനംതിട്ടയില്‍ നിന്നു ചര്‍ച്ചയിലേക്ക് വരുന്നുണ്ട്.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്ന് ഇപ്പോഴും പത്തനംതിട്ടയില്‍ ഉയരുന്ന ചോദ്യമാണ്. എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത് എ.കെ.ആന്റണിയുടെ മകന് അനില്‍ കെ.ആന്റണിയായതിനാലാണ് പത്തനംതിട്ടയിലെ പോരാട്ടച്ചൂടിന് അഞ്ജനത്തില്‍ നിന്നുള്ള വാക്കുകള്‍ക്കും പ്രാധാന്യമേറിയത്.
അനില്‍ ആന്റണി തോല്‍ക്കണമെന്ന് അര്ഥശങ്കയ്ക്കിടെയില്ലാതെ എ.കെ. ആന്റണി പത്രസമ്മേളനം നടത്തി പറഞ്ഞതിനു പിന്നാലെ പ്രതികരണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെയും നേതാക്കളെയും നിശിതമായി വിമര്‍ശിച്ചു രംഗത്തിറങ്ങിയ അനിലിനെ പിന്നീടുള്ള ദിവസങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ വെറുതെവിട്ടില്ല.
ദല്ലാള്‍ നന്ദകുമാറിന്റെ സാന്പത്തിക ആരോപണവും ഒപ്പം വന്നു. വ്യക്തിപരമായി തന്നെ അനില്‍ ഇതിനു മറുപടി നല്കി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ആദ്യം പ്രചാരണത്തിനിറങ്ങിയത് പത്തനംതിട്ടയിലാണ്. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തിന് ബിജെപി കേന്ദ്ര നേതൃത്വം നല്കുന്ന പിന്തുണ പ്രചാരണ പരിപാടികളെയും സ്വാധീനിച്ചിട്ടുണ്ട്.
കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാന്പത്തിക പ്രതിസന്ധിക്കുള്ള മറുപടികള്‍ വരുന്നത് പത്തനംതിട്ടയില്‍ നിന്നാണ്. തോമസ് ഐസക് പത്തനംതിട്ടയില്‍ ജനവിധി തേടുന്നുവെന്നതു തന്നെ പ്രധാന കാരണം. ഇതാദ്യമായാണ് ഐസക് ലോക്സഭയിലേക്ക് മത്സരിക്കുന്നതെങ്കിലും കേന്ദ്രത്തോടു കേരളത്തിന്റെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന്‍ കെല്പുള്ള ഒരു എംപിയെയാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നത്.
ഐസക് വിഭാവനം ചെയ്ത മാരാരിക്കുളം മോഡല്‍ വികസനവും കിഫ്ബിയിലൂടെയുള്ള അടിസ്ഥാന സൗകര്യ വികസനവും എല്ലാം വീടുകളുടെ അകത്തളങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്ന ലക്ഷ്യത്തോടെ ലഘുലേഖകളും കൈപ്പുസ്തകങ്ങളുമായി എല്‍ഡിഎഫ് പ്രചരിപ്പിക്കുന്നുണ്ട്.
അതേ നാണയത്തില്‍ ഐസക്കിനെ പ്രതിരോധിച്ചാണ് എല്‍ഡിഎഫും ബിജെപിയും നീങ്ങുന്നത്. തോമസ് ഐസക്കിന്റെ ധനകാര്യ മാനേജ്മെന്റിനേറ്റ പിഴവാണ ്കേരളത്തിന്റെ സാന്പത്തിക തകര്‍ച്ചയ്ക്കു കാരണമെന്ന് യുഡിഎഫ് പറയുന്നു. കിഫ്ബിയെയും മസാല ബോണ്ടിനെയുമൊക്കെ യുഡിഎഫും ബിജെപിയും വിടാതെ പിന്തുടരുന്നുണ്ട്.
മസാല ബോണ്ടിലെ ഇഡി അന്വേഷണവും ഐസക്കിനെ ചോദ്യം ചെയ്യാനുള്ള ശ്രമവുമെല്ലാം പത്തനംതിട്ടയിലെ ചര്‍ച്ചകളില്‍ ചൂടുള്ള വിഷയങ്ങളായി തുടരുന്നു. കാട്ടാനക്കലിയും കാര്‍ഷിക പ്രശ്നങ്ങളും ആര്‍ക്കും തൊടാതെ പോകാന്‍ കഴിയാത്ത വിഷയങ്ങളുമാണ്. പ്രചാരണഘട്ടത്തില്‍ പത്തനംതിട്ട മണ്ഡലപരിധിയില്‍ തന്നെ രണ്ട് ജീവനുകളാണ് കാട്ടാനക്കലിയില്‍ പൊലിഞ്ഞത്.
പമ്പാവാലിയിലും തേക്കുതോട് ഏഴാംതലയിലുമായുള്ള രണ്ട് ആക്രമണങ്ങളിലാണ് മരണമുണ്ടായത്. വന്യമൃഗശല്യം ഒഴിവാക്കാനായി എന്തു ചെയ്യാനാകുമെന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ പരസ്പരം പഴിചാരുകയാണ് മുന്നണികള്‍. പട്ടയപ്രശ്നങ്ങളും ദേശീയപാതയും റെയില്‍വേ വികസനവും മാനത്താവളവളുമെല്ലാം ചര്‍ച്ചകളില്‍ ഇടംനേടിയിട്ടുണ്ട്.