കണ്ണൂർ: ഒരു പ്രമുഖ പാർട്ടിയുടെ ഓഫീസിൽ ന്യൂ ജെൻ നേതാവിന്റെ സ്റ്റഡി ക്ലാസ് നടക്കുകയാണ്. അണികളുടെ കൈയിൽ സ്മാർട്ട് ഫോണുണ്ട്. നേതാവും സ്മാർട്ട് ഫോൺ കാണിച്ച് പല കാര്യങ്ങളും പഠിപ്പിക്കുന്നു. അധ്വാനവർഗ സിദ്ധാന്തമോ, തൊഴിലാളിവർഗ സിദ്ധാന്തമോ ഒന്നുമല്ല സ്റ്റഡി ക്ലാസിൽ പഠിപ്പിക്കുന്നത്. വാട്സാപ്പിൽ എങ്ങനെ സ്റ്റാറ്റസ് ഇടാം, ഇൻസ്റ്റയിലും ഫേസ്ബുക്കിലും എങ്ങനെ പോസ്റ്റ് ഇടാം, സ്റ്റോറി ഇടാം, എങ്ങനെ റീൽസ് അപ്ലോഡ് ചെയ്യാം, അനായസമായി എങ്ങനെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് സ്റ്റഡി ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചുവരെഴുത്ത് മായ്ച്ച് റീൽസ്
ഒരു കാലത്ത് ചുവരെഴുത്തിലും പോസ്റ്ററുകളിലും കവല പ്രസംഗങ്ങളിലും മാത്രം ഒതുങ്ങി നിന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇന്ന് ട്രെൻഡിനൊപ്പമാണ്. ചുമരെഴുത്തും പോസ്റ്ററുകളും ഉണ്ടെങ്കിലും അതിൽ ന്യൂ ജെൻ ടച്ച് കൊണ്ടുവരാൻ സ്ഥാനാർഥികൾ ശ്രമിക്കുന്നു. സോഷ്യൽ മീഡിയകൾ ഉപയോഗിച്ചുള്ള പ്രചാരണങ്ങളാണ് തകൃതിയായി നടക്കുന്നത്. ഇതിൽ പ്രധാനമായും ഇൻസ്റ്റഗ്രാം റീൽസും ഫേസ്ബുക്ക് ഷോട്ട് വീഡിയോകളാണ്. ഓരോ സ്ഥാനാർഥികൾക്കായും വ്യത്യസ്ത പേജുകൾ തുടങ്ങിയാണ് പ്രചാരണം.
പ്രചാരണ വീഡിയോകള്‍ക്കൊപ്പം പഞ്ചുള്ള പാട്ടും കയറ്റി ഇന്‍സ്റ്റഗ്രാമില്‍ റീല്‍സാക്കിയാണ് ആളുകളിലേക്ക് എത്തിക്കുന്നത്. പ്രായഭേദമന്യേ ആളുകൾ വീഡിയോകള്‍ ഏറ്റെടുത്തും ഷെയര്‍ ചെയ്തും വാട്സാപ്പില്‍ സ്റ്റാറ്റസാക്കിയുമാണു പ്രചാരണത്തിന്റെ ഭാഗമാകുന്നത്. ഇത്തരം വീഡിയോകള്‍ എടുത്ത് റീല്‍ തയാറാക്കാന്‍ പറ്റിയ “ടെക്കികളും’ എല്ലാ സ്ഥാനാര്‍ഥികള്‍ക്കൊപ്പവും ഉണ്ട്. സോഷ്യൽ മീഡിയ പ്രചാരണത്തിനു പുറമെ സ്ഥാനാർഥികളുടെ ഫോട്ടോകൾ പതിപ്പിച്ച ബാഗുകളും ടീ ഷർട്ടുകളും തൊപ്പികളും എല്ലാം ഉണ്ട്. ഇതിൽ രാത്രിയിൽ തിളങ്ങുന്ന സ്ഥാനാർഥികളുടെ ചിത്രം പതിപ്പിച്ച ബാഗാണ് ട്രെൻഡ്.
പുസ്തകങ്ങളുടെ കവർ പേജും
റീൽസിന് പുറമേ പുസ്തകങ്ങളുടെ കവര്‍ പേജുകളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ ട്രെൻഡായി മാറിയ യുവ എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവര്‍ പേജുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ചിഹ്നവും വച്ചാണ് പ്രചാരണം. കൂടാതെ കല്യാണക്കുറികളുടെ രൂപത്തിലുള്ള പ്രചാരണ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സജീവം. കാലത്തിനൊപ്പം പ്രചാരണ തന്ത്രങ്ങള്‍ മാറ്റുകയാണു സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. തെരഞ്ഞെടുപ്പ് കാലത്ത് ഗ്രാമ-നഗര വ്യത്യാസമില്ലാതെ കടകളുടെ പുറത്തും ചുമരുകളിലും പോസ്റ്റുകളിലുമെല്ലാം സ്ഥാനാര്‍ഥികളുടെ ഫ്ലക്സ് ബോര്‍ഡുകളും ചുമരെഴുത്തുകളും കാണാമായിരുന്നു. എന്നാല്‍, ഇന്ന് അത് കുറഞ്ഞതായി വോട്ടര്‍മാര്‍ പറയുന്നുണ്ട്.
ഇന്റർവ്യൂകളും ട്രെൻഡ്
സെലിബ്രേറ്റികളെ കൊണ്ട് ഇന്റർവ്യൂകൾ നടത്തുന്നതാണ് മറ്റൊരു പ്രചാരണ തന്ത്രം. അതതു ജില്ലകളിലെ പ്രമുഖരായ വ്യക്തികളെ കൊണ്ടാണ് ഓരോ സ്ഥാനാർഥികളും മുഖാമുഖം നടത്തുന്നത്. അതിൽ എംപി ആയാൽ ചെയ്യുന്ന കാര്യങ്ങൾ ഉൾപ്പെടെ പറയുന്നു. ഇത് സോഷ്യൽ മീഡിയിൽ പ്രചരിപ്പിക്കും.