പത്തനംതിട്ട: കൊടുംചൂടിനെ വെല്ലുന്ന തരത്തില്‍ പ്രചാരണം കൊടുമ്പിരി കൊള്ളുന്നു. പകല്‍ച്ചൂടിന്റെ കാഠിന്യം വകവയ്ക്കാതെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിലാണ്. വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം അവശേഷിച്ചിരിക്കേ പരമാവധി സ്ഥലങ്ങളില്‍ നേരിട്ടെത്തി വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം.
രാവിലെ ആരംഭിക്കുന്ന പ്രചാരണത്തിന് ഉച്ചയ്ക്ക് ഒരു ഇടവേള നല്‍കിയിട്ടുണ്ടെങ്കിലും അതു സാധ്യമാകാത്ത നിലയിലാണ്. രാത്രി പത്തോടെയാണ് പര്യടനം എല്ലാദിവസവും സമാപിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് ആദ്യഘട്ട മണ്ഡലപര്യടനം പൂര്‍ത്തീകരിച്ചു.
രണ്ടാംഘട്ട പര്യടനത്തിനാണ് ഇന്നലെ ആറന്മുളയില് തുടക്കമായത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ എത്താതിരുന്ന ബൂത്തുകളും വാര്‍ഡുകളും കേന്ദ്രീകരിച്ചാണ് അടുത്ത പര്യടനം. ഇന്നലെ ആറന്മുളയിലെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് ഇതിനു തുടക്കമായി. ഇന്ന് കോന്നി മണ്ഡലത്തിലാണ് പര്യടനം.
യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ഇന്നലെ കോന്നി മണ്ഡലത്തിലെ കിഴക്കന്‍ മലയോര മേഖലയില്‍ നിന്നാരംഭിച്ച പര്യടനം മൈലപ്ര പഞ്ചായത്തില്‍ സമാപിച്ചു. ഒരു മണ്ഡലത്തില്‍ ഒന്നും രണ്ടും ദിവസങ്ങളിലെ പ്രചാരണ പരിപാടിയാണ് യുഡിഎഫിനുള്ളത്.
എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ മണ്ഡലപര്യടനവും ഇന്നലെ ആരംഭിച്ചു. തിരുവല്ല മണ്ഡലത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലായിരുന്നു പര്യടനം. ഇന്ന് ആറന്മുള മണ്ഡലത്തിലെ ഓതറ പുതുക്കുളങ്ങരയില്‍ നിന്നാരംഭിക്കുന്ന പര്യടനം രാത്രിയില്‍ കണമുക്കില്‍ സമാപിക്കും.