കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച ഇടതുപക്ഷ അനുഭാവികളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്ന് ആക്ഷേപം. തൊടുപുഴ സ്വദേശിയും മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിപിഒയുമായ സൂരജ്കുമാറിനാണ് മർദനമേറ്റത്. കഴിഞ്ഞ 26ന് നെടുമ്പാശേരി നടുവന്നൂര്‍ 72-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ വച്ചായിരുന്നു സംഭവം. നെടുമ്പാശേരി പോലീസ് സ്റ്റേഷന് പരിധിയിലുള്ളതാണ് ഈ ബൂത്ത്.
വൈകിട്ട് ആറിനു ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ പോളിംഗ് ബൂത്തിന്റെ ഗേറ്റ് അടച്ചശേഷം രണ്ടു പേര് വോട്ട് ചെയ്യാനായി എത്തിയെങ്കിലും സമയം കഴിഞ്ഞ വിവരം ഓഫീസര്‍ അവരെ അറിയിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ ബഹളമുണ്ടാക്കി ഇവർ അകത്തേക്ക് കയറി.
സംഘര്‍ഷ സാധ്യതകണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സൂരജ്കുമാര് അവിടെ ഉണ്ടായവരെ പ്രദേശത്തുനിന്ന് നീക്കം ചെയ്യാനെത്തിയപ്പോഴാണ് മൂന്നു പേരുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദിച്ചത്. പ്രതികള്‍ പോലീസുകാരന്റെ മുഖത്ത് ഇടിക്കുകയും തള്ളി നിലത്തിടുകയുമാണുണ്ടായത്.
തുടര്‍ന്ന് തലചുറ്റല്‍ അനുഭവപ്പെട്ട സൂരജ്കുമാര് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം നെടുമ്പാശേരി പോലീസില്‍ ഇതു സംബന്ധിച്ച് 27ന് പരാതി നല്കി. ഇതുപ്രകാരം കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കെതിരെ നെടുമ്പാശേരി പോലീസ് കേസ് എടുത്തു. ഒദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുകയും ഡ്യൂട്ടിക്കിടെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
പോളിംഗ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദിക്കുന്ന മൂന്നുപേരെയും വ്യക്തമായി കാണാനാകും. ഇതില്‍ ഒരാള്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മറ്റൊരാള്‍ ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.എന്നാല്‍ 27ന് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനുള്ള നടപടികള്‍ നെടുമ്പാശേരി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പോലീസുകാര്‍ക്കിടയില്‍ തന്നെ ആക്ഷേപമുയരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം പ്രതികളുടെ വീട്ടില്‍ പരിശോധനയ്ക്കായി പോലീസ് സംഘം എത്തിയെങ്കിലും അവര്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
സ്റ്റേഷനിലെ ജില്ല രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള പോലീസ് അസോസിയേഷന് ഭാരവാഹി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്നാണ് പോലീസുകാരുടെ ആക്ഷേപം. ഇതാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതിലേക്കുള്ള കാരണമെന്നും ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
സംഭവം യഥാസമയം റിപ്പോര്‍ട്ട് ചെയ്തില്ലെന്ന കാരണത്താല്‍ നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ എസ്എസ്ബി ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് മെമ്മോ ലഭിച്ചതായും ആക്ഷേപമുണ്ട്.