പി. ജയകൃഷ്ണൻ
കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ നിയമസഭാംഗമായിരിക്കേ കാലാവധി കഴിയുംമുമ്പ് മൂന്നുപേര്‍ രാജിവച്ചിറങ്ങി. കോടതി വിധിയെ തുടര്‍ന്ന് അഞ്ചുപേര്‍ക്ക് എംഎല്‍എ സ്ഥാനം ഇടയ്ക്കുവച്ച് നഷ്ടപ്പെട്ടു. സുപ്രീം കോടതി വിധിയിലൂടെ ഒരാൾക്ക് എംഎൽഎസ്ഥാനം തിരിച്ചുലഭിച്ച ചരിത്രവും കണ്ണൂരിലുണ്ട്.
തലശേരിയില്‍നിന്ന് 1996ല്‍ 18,350 വോട്ടിനു ജയിച്ച കെ.പി. മമ്മുവാണ് (സിപിഎം) ജില്ലയില്‍ രാജിവച്ച ആദ്യ നിയമസഭാംഗം.
എംഎല്‍എയാകാതെ മുഖ്യമന്ത്രിയായ ഇ.കെ. നായനാര്‍ക്ക് മത്സരിക്കാനായിരുന്നു മമ്മുമാസ്റ്ററുടെ രാജി. ഉപതെരഞ്ഞെടുപ്പില്‍ നായനാര്‍ 24,501 വോട്ടിന് വിജയിച്ചു.
കണ്ണൂര്‍ ജില്ലയുടെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട വടക്കേ വയനാട്ടില്‍നിന്ന് 2001 ല്‍ 13,845 വോട്ടിന് വിജയിച്ച രാധാരാഘവന്‍ (കോണ്‍ഗ്രസ്) 2006 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ചു.
ഐ ഗ്രൂപ്പുകാരിയായ രാധാരാഘവന്‍ കോണ്‍ഗ്രസിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് കെ. കരുണാകരന് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.
2006ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി മൂന്നാംതവണ വിജയിച്ച കെ. സുധാകരന് (കോണ്‍ഗ്രസ്) ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 2009 ല്‍ രാജിവച്ചു.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് 43,151 വോട്ടിന് സുധാകരന് അട്ടിമറിവിജയവും നേടി. സുധാകരന്റെ ഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ.പി. അബ്ദുള്ളക്കുട്ടി കണ്ണൂര്‍ നിയമസഭാമണ്ഡലത്തിന്റെ പ്രതിനിധിയായി.
കോടതി ഇടപെടലിലൂടെ എംഎല്‍എസ്ഥാനം നഷ്ടപ്പെട്ട അഞ്ചുപേരും ജില്ലയിലുണ്ട്. തലശേരിയില്‍ 1960 ല്‍ വിജയിച്ച പി. കുഞ്ഞിരാമനാണ് (കോണ്‍ഗ്രസ്) ഈവിധം ആദ്യം എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടത്. 23 വോട്ടിനായിരുന്നു കുഞ്ഞിരാമന്റെ വിജയം.
എന്നാല്‍ എതിര്‍സ്ഥാനാര്‍ഥിയായ സിപിഐ സ്വതന്ത്രന് വി.ആര്. കൃഷ്ണയ്യര്‍ ഇലക്ഷന് ട്രൈബ്യൂണലിനെ സമീപിച്ച് വീണ്ടും വോട്ടെണ്ണാനുള്ള അനുമതി നേടി.
വീണ്ടും വോട്ടെണ്ണിയപ്പോള്‍ കൃഷ്ണയ്യര്‍ക്ക് ഏഴു വോട്ടിന് വിജയം. സംസ്ഥാനത്ത് കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ചയാളാണ് കൃഷ്ണയ്യര്‍.
എടക്കാടുനിന്ന് 1991 ല്‍ 219 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ട ഒ. ഭരതന്റെ (സിപിഎം) വിജയം ചോദ്യംചെയ്ത് എതിര്‍സ്ഥാനാര്‍ഥി കെ. സുധാകരന് (കോണ്‍ഗ്രസ്) ഹൈക്കോടതിയെ സമീപിച്ചു.
1992 ഓഗസ്റ്റ് 14 ന് ഭരതന്റെ നിയമസഭാംഗത്വം റദ്ദാക്കി സുധാകരനെ 87 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചു.
ഭരതന് ലഭിച്ച വോട്ടുകളില്‍ ഇരട്ട വോട്ടുകളും ആള്‍മാറാട്ടത്തിലൂടെ ലഭിച്ച വോട്ടുകളുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റദ്ദാക്കല്‍.
എന്നാല്‍ കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ 1996 ഡിസംബര്‍ ആറിന് സുധാകരന്റെ അംഗത്വം റദ്ദാക്കി ഭരതനെ 43 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചു.
കൂത്തുപറമ്പില്‍ 2001 ല്‍ 18,620 വോട്ടിന് വിജയിച്ച പി. ജയരാജന്റെ (സിപിഎം) എംഎല്‍എസ്ഥാനം 2005 ല്‍ സുപ്രീം കോടതി റദ്ദാക്കി.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ജയരാജന് ക്രിമിനല്‍ കേസില്‍ അഞ്ചുവര്‍ഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നതിനാലായിരുന്നു ഇത്. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി. ജയരാജന് തന്നെ 45,377 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെയാണ് ഒടുവിൽ ഹൈക്കോടതി അയോഗ്യനാക്കിയത്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറിന്റെ ഹർജിയിൽ 2018 ഡിസംബറിലായിരുന്നു അയോഗ്യനാക്കിയുള്ള ഉത്തരവ്. തെരഞ്ഞെടുപ്പില്‍ വർഗീയപരാമർശം നടത്തിയെന്ന പരാമർശത്തി
ലായിരുന്നു ഉത്തരവ്.
അടുത്ത ആറു വർഷത്തേക്ക് കെ.എം.ഷാജിക്ക് മത്സരിക്കാനാകില്ലെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി.രാജൻ തള്ളി.
എന്നാൽ ഇതിനെതിരേ കെ.എം. ഷാജി സുപ്രീം കോടതിയെ സമീപിച്ചു. 2019 ജനുവരി 10 ന് സുപ്രീം കോടതി ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ഷാജിക്ക് നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാമെന്നും സഭാരജിസ്റ്ററിൽ ഒപ്പുവയ്ക്കാമെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുകയായിരുന്നു.
നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും എംഎല്എയാകാത്ത ഒരാളും കണ്ണൂരിലുണ്ട്. 1965 ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് മുസ്ലിം ലീഗ് സ്വതന്ത്രനായി മത്സരിച്ച് 6,926 വോട്ടിന് വിജയിച്ച കെ.എം. അബൂബക്കര്‍.
ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ നിയമസഭയോ മന്ത്രിസഭയോ രൂപീകരിക്കപ്പെടാതെ വീണ്ടും തെരഞ്ഞെടുപ്പിലേക്കു പോയതിനാലാണ് ഈവിധം അബൂബക്കറിന് നിയമസഭ കാണാന്‍ യോഗമില്ലാതെപോയത്.
അന്ന് അബൂബക്കറിനൊപ്പം വിജയിച്ച 133 പേര്‍ക്കും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. എന്നാല്‍ ഇവരില്‍ പലരും പ്രസ്തുത തെരഞ്ഞെടുപ്പിനുമുമ്പോ പിമ്പോ നിയമസഭയിലെത്തി.
അബൂബക്കറടക്കം 1965ല്‍ വിജയിച്ച 25 പേര്‍ക്ക് ഒരു നിയമനിര്‍മാണസഭയിലും അംഗമാകാന്‍ സാധിച്ചിരുന്നില്ല.