തലശേരി: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇടതു വലതു മുന്നണികളുടെ സ്ഥാനാർഥി നിർണയ ചർച്ചയിൽ അണിയറ നീക്കങ്ങൾ സജീവം.
ഇടതു മുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി കെ.പി. മോഹനനും യുഡിഎഫിനു വേണ്ടി മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും മത്സരിക്കുമെന്നാണ് സൂചന.
ദീർഘകാലം ഒന്നിച്ച് ഒരേ മുന്നണിയിൽ പ്രവർത്തിച്ച കെ.പി.മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും അടുത്ത സുഹൃത്തുക്കളാണ്. ബന്ധുക്കളെപോലെ കഴിയുന്ന ഇവർ തമ്മിലാണ് മൽസരമെങ്കിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ ഇത്തവണത്തെ മൽസരം തീ പാറും.
യുഡിഎഫ് ലീഗിന് കൂത്തുപറമ്പ് സീറ്റ് നൽകാനാണ് ധാരണ.ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവും യുഎഇയിലെ അൽ മദീന ഗ്രൂപ്പ് ചെയർമാനും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി
വൈസ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് തന്നെയാണ് മുസ്ലിംലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. മത്സരിക്കണമെന്ന് ലീഗ് സംസ്ഥാന നേതൃത്വവും പൊട്ടങ്കണ്ടി അബ്ദുള്ളയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, താൻ മൽസരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഒഴിവാക്കണമെന്നും പൊട്ടങ്കണ്ടി അബ്ദുള ലീഗ് നേതൃത്വത്തോട് പറഞ്ഞിട്ടുള്ളതായാണ് വിവരം.ഈ സാഹചര്യത്തിൽ മുസ്ലിംലീഗ് നേതാക്കളായ പി.പി.എ.സലാം, ഷാഹുൽ ഹമീദ് എന്നിവരുടെ പേരുകളാണ് ഉയർന്നു വന്നിട്ടുള്ളത്.
ഇതിനിടയിൽ കോൺഗ്രസ് സ്ഥാനാർഥി കൂത്തുപറമ്പിൽ മൽസരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സുധാകര ഗ്രൂപ്പിലെ പ്രമുഖനായ ഡി സി സി സെക്രട്ടറി കെ.പി. സാജുവിനെ മൽസരിപ്പിക്കാനായി അണിയറയിൽ നീക്കം നടക്കുന്നുണ്ട്. ഇതിനിടയിൽ കൂത്തുപറമ്പിൽ ലീഗിന്റെ സംസ്ഥാന തലത്തിലുള്ള നേതാവ് തന്നെ മൽസര രംഗത്തെത്തുമെന്നും പ്രചരണമുണ്ട്.
യുഡിഎഫിൽ നിന്ന് വിജയിക്കുകയും ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയാകുകയും ചെയ്ത കെ.പി മോഹനൻ ഇടതു സ്ഥാനാർഥിയായി എത്തുന്നത് തന്നെ പ്രചാരണ ആയുധമാക്കാനുള്ള നീക്കങ്ങൾ യു ഡി എഫ് കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഇതിന്റെ ഭാഗമായി കെ.പി മോഹനൻ യുഡിഎഫിലുള്ളപ്പോൾ സിപിഎം നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ഓഡിയോ ക്ലിപ്പുകൾ ശേഖരിക്കുകയാണ് യുഡിഎഫ്. ഇതിനിടയിൽ കെ.പി മോഹനന്റെ സഹോദര പുത്രനും ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡന്റുമായ പി.കെ. പ്രവീണിന്റെ പേരും ലിസ്റ്റിലുള്ളതായി റിപ്പോർട്ടുണ്ട്.
പിണറായി മന്ത്രി സഭയിലെ മിന്നും താരമായ മന്ത്രി കെ.കെ. ശൈലജ തന്നെ സിറ്റിംഗ് സീറ്റിൽ മൽസരിക്കണമെന്ന ആവശ്യവും ഇടതു മുന്നണിയിൽ ഉയർന്നിട്ടുണ്ട്. സി പി എം നേതാക്കളായ പി. ജയരാജൻ, എം.സുരേന്ദ്രൻ, പി. ഹരീന്ദ്രൻ, എന്നിവരുടെ പേരുകളും ഇടതു മുന്നണി ലിസ്റ്റിലുള്ളതായി അറിയുന്നു.