മുക്കം : കോവിഡ് കാലത്ത് മാസ്ക് അണിഞ്ഞ് വീടുകളിലെത്തുന്ന സ്ഥാനാർഥികളെ ഇനി വോട്ടർമാർ തിരിച്ചറിയില്ല എന്ന പേടി വേണ്ട .
സ്ഥാനാർഥികളുടെ ചിഹ്നവും ഫോട്ടോയും അടക്കമുള്ളവ പതിച്ച മാസ്കുകളും ടീഷർട്ടുകളും കീ ചെയിനുകളും തൊപ്പികളും വിപണിയിൽ സുലഭമായി കഴിഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ വോട്ടഭ്യർഥനയ്ക്ക് കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ മുൻകരുതലുകൾ എല്ലാം സ്ഥാനാർഥികൾക്ക് വേറിട്ടൊരു പരീക്ഷണം കൂടിയാവുകയാണ്. നാളിതുവരെ മാസ്ക്ക് അണിഞ്ഞു വോട്ടുപിടിത്തം ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ പഴയ വീറും വാശിയും ഇത്തവണ ഉണ്ടാവില്ലങ്കിലും സീറ്റ് ഉറപ്പിച്ചവർ തങ്ങളുടെ പേരും ചിത്രവും ചിഹ്നവും ഉള്ള മാസ്കുകളും കീചെയിനു തൊപ്പികളും ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലായ പ്രിന്റിംഗ് മേഖലയിലുള്ളവർക്കും ചെറിയൊരു ആശ്വാസമാണ് ഈ തെരഞ്ഞെടുപ്പ്.
എട്ടുമാസത്തോളം കാര്യമായി ജോലി ഒന്നും ഇല്ലാതിരുന്ന പ്രിന്റിംഗ് പ്രസുകളും തെരഞ്ഞെടുപ്പ് അടുത്തതോടെ ഉണർന്നിട്ടുണ്ട് . ഓർഡറുകൾ കിട്ടിത്തുടങ്ങിയതായി മുക്കത്തെ കേന്ദ്രം സ്ഥാപന മുടമ ബഷീർ പറഞ്ഞു.
തുണി മാസ്കുകൾക്കാണ് ആവശ്യക്കാർ കൂടുതൽ ഉള്ളത്. ഫോട്ടോയും ചിഹ്നവുമടക്കം പ്രിന്റ് ചെയ്ത മാസ്കിന് മൊത്തവില 10 രൂപയാണ് . ചില്ലറ വില 20 വരെ ഈടാക്കുന്നുണ്ട്. 100 രൂപ മുതലുള്ള ടീഷർട്ടുകൾ വിപണിയിൽ ഇറങ്ങി കഴിഞ്ഞു.
കീ ചെയിനുകൾക്കും വലിയ ഡിമാൻഡാണ് .മുൻ തെരഞ്ഞെടുപ്പുകളിലെക്കെ സ്ഥാനാർഥിയുടെ ചിത്രം പതിച്ച തൊപ്പികൾ ഉണ്ടായിരുന്നെങ്കിലും ഫോട്ടോപതിച്ച തൊപ്പികൾ ഇത്തവണ ആദ്യമാണ്.
ഓരോ സ്ഥാനാർഥികളും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും മറ്റും ഉണ്ടാക്കി സോഷ്യൽ മീഡിയ വഴി പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
ഏതായാലും രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഉൾപ്പെടെ പുതിയ അനുഭവമായിരിക്കും കോവിഡ് കാല തെരഞ്ഞെടുപ്പ് .