കോട്ടയം: വാടകപ്പണം ചോദിക്കുന്പോൾ മുട്ടാപ്പോക്കു നയവുമായി ഉദ്യോഗസ്ഥർ. വലഞ്ഞ് സ്വകാര്യ ബസ് അടക്കമുള്ള 650 ഓളം സ്വകാര്യ വാഹന ഉടമകൾ. കഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വിളിച്ചുവരുത്തി രണ്ടു ദിവസം ഓടിയതിന്റെ വാടക ചോദിച്ചാണ് ഇലക്ഷൻ വകുപ്പിൽ ഉടമകളുടെ നടത്തം.
പോളിംഗ് ഉദ്യോഗസ്ഥർക്കൊപ്പം സാമഗ്രികൾ എത്തിക്കാനും മറ്റുമായി 150 സ്വകാര്യ ബസുകളും അഞ്ഞൂറോളം മറ്റ് ചെറുവാഹനങ്ങളുമാണ് ജില്ലയിൽ ഗതാഗത വകുപ്പ് വാടകയ്ക്കെടുത്തിരുന്നത്. ഡിസംബർ 10 നായിരുന്നു ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്.
രണ്ടു മാസം പിന്നിട്ട് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാറായിട്ടും ഇലക്ഷൻ വകുപ്പ് വാടക നൽകാൻ തയാറാകുന്നില്ലെന്നാണ് ഉടമകളുടെ പരാതി. കോവിഡിൽ ഓട്ടവും വരുമാനവുമില്ലാതായ മേഖലകളിലൊന്നാണ് സ്വകാര്യ ബസ്. ഇവർ ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്.
വാടക ചോദിക്കുന്പോൾ ഉടൻ പണം ലഭിക്കുമെന്ന മറുപടി മാത്രം. ആലപ്പുഴയിൽ ഉൾപ്പെടെ ഏതാനും ജില്ലകളിൽ പതിനായിരത്തിലേറെ രൂപ ബസുകൾക്ക് രണ്ടു ദിവസത്തേക്ക് നൽകിക്കഴിഞ്ഞു. കോട്ടയം ജില്ലയിൽ തദ്ദേശ ഇലക്ഷന് രണ്ടു ദിവസത്തെ സർവീസിന് എണ്ണായിരം രൂപയോളമേ നൽകൂ എന്നാണ് നിലപാട്.
ഉടമകൾ ഇന്ധനവും ജീവനക്കാർക്കുള്ള കൂലിയും മുടക്കി സർക്കാർ ആവശ്യത്തിന് വാഹനം വിട്ടുകൊടുത്തശേഷമാണ് വാടക കിട്ടാതെ വലയുന്നത്.
കഐസ്ആർടിസിക്ക് അയ്യായിരം ബസുകൾ സ്വന്തമായുണ്ടെങ്കിലും ദിവസ വാടക 20,000 രൂപയാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ ബസ് ഒഴിവാക്കി ഇലക്ഷൻ ആവശ്യങ്ങൾക്ക് ഗതാഗത വകുപ്പ് അധികൃതർ വിളിച്ചുവരുത്തിയത്.