തൃശൂർ: കോവിഡിന്റെ നിശബ്ദതയെ കീറിമുറിച്ച് അനൗണ്സ്മെന്റ് വാഹനങ്ങൾ ഇതാ എത്തി തുടങ്ങി. മാന്യ വോട്ടർമാരെ…. വോട്ട് ചെയ്യാൻ ബൂത്തിലെത്തുന്പോൾ…… അഭ്യർഥിക്കുകയാണ്, അപേക്ഷിക്കുകയാണ്.
എട്ടു മാസത്തിലധികമായി മിണ്ടാതെ ഇരുന്ന ശബ്ദ സംവിധാനങ്ങൾ വോട്ടെടുപ്പെത്തിയതോടെയാണ് ചെറിയ ഉണർവിലെത്തിയിരിക്കുന്നത്.
വോട്ടെടുപ്പ് ദിവസം അടുത്തതോടെ വാർഡുകളിൽ പ്രചരണ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് ചോദിച്ചുള്ള പാട്ടുകളും അനൗണ്സ്മെന്റുകളുമായാണ് വാഹനങ്ങൾ നിരത്തിലിറങ്ങി തുടങ്ങിയിരിക്കുന്നത്.
കോവിഡ് എത്തിയതോടെ മാസങ്ങളായി ജീവിക്കാൻ വഴിയില്ലാതെ ജീവിതം തള്ളിനീക്കിയവർക്ക് തെരഞ്ഞെടുപ്പ് എത്തിയതോടെയാണ് ആശ്വാസമായിരിക്കുന്നത്.
ജില്ലയിൽ അയ്യായിരത്തിലേറെ ജീവനക്കാരാണ് ശബ്ദ, വെളിച്ച മേഖലയിൽ പ്രവർത്തിക്കുന്നത്. 1200 ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.
എല്ലാ സ്ഥാപനങ്ങളിലും ശബ്ദ, വെളിച്ച സംവിധാനങ്ങൾ പൊടി പിടിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പിന്റെ അനൗണ്സ്മെന്റ് തുടങ്ങിയതോടെയാണ് ഇതെല്ലാം പൊടി തട്ടിയെടുക്കുകയാണ്.
വാർഡ്, ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്ക് വേണ്ടി പാർട്ടിക്കാർ പല സ്ഥലത്തും ഒരു വാഹനമാണ് ഏർപ്പെടുത്തുന്നത്. ഇത് നാലോ അഞ്ചോ വാർഡുകളിലൂടെ ഓടും.
അനൗണ്സ്മെന്റ് തുടങ്ങിയതോടെ ടാക്സി വാഹനങ്ങൾക്കും അനുഗ്രഹമായി. ജീപ്പുകളാണ് കൂടുതലും ഇതിന് ഉപയോഗിക്കുന്നത്. ഒരു ദിവസത്തേക്ക് അയ്യായിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് വാടക ഈടാക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാൽ ശബ്ദ സംവിധാനം വീണ്ടും സജീവമാകുമെന്ന ആശ്വാസത്തിലാണ് ലൈറ്റ് ആ്ൻഡ് സൗണ്ട് ജീവനക്കാർ.