തൃക്കരിപ്പൂർ: പ്രവാസികളായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ദുരിതം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തുറന്നുവെച്ച വെബ്സൈറ്റിലെ അബദ്ധങ്ങളാണ് പ്രവാസികളെ ദുരിതത്തിലാക്കിയത്.
സംസ്ഥന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സൈറ്റിലാണ് വോട്ടുചേർക്കാൻ തയാറാക്കിയിട്ടുള്ളത്.
പ്രവാസി വോട്ടർമാർക്കായി രജിസ്ട്രേഷനും ഓൺലൈൻ സ്ഥിതി അറിയാനുള്ള ലിങ്കും പ്രത്യേകമായി സൈറ്റിൽ നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ പ്രവാസി വോട്ടർ രജിസ്ട്രേഷൻ വഴി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രിന്റ് ചെയ്തെടുക്കുമ്പോൾ തെറ്റുകളുടെ ഘോഷയാത്രയാണ്.
ഫോറം എച്ചിന്റെ ഒന്നാം ഭാഗത്തിൽ ജനനത്തീയതി എന്തുകൊടുത്താലും അച്ചടിച്ചുവരുന്നത് അപേക്ഷ കൊടുക്കുന്ന തീയതിയാണ്. പാസ്പോർട്ട്, വിസ സംബന്ധിച്ച വിവരങ്ങൾ നൽകുന്നിടത്ത് ഇഷ്യു ചെയ്ത തീയതി, കാലാവധി തീരുന്ന തീയതി എന്നിവയൊക്കെയും അപേക്ഷാ തീയതിയാണ് വരുന്നത്.
പതിനെട്ട് വയസ് തികയാൻ ഒരുദിവസം ബാക്കിയുണ്ടായാൽ പോലും അപേക്ഷ നിരസിക്കപ്പെടുന്നതാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ സൈറ്റിലുള്ള ക്രമീകരണം. തുടർച്ചയായ ദിവസങ്ങളിൽ അപേക്ഷ സമർപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഇതേ സ്ഥിതി തുടരുകയാണ്.
തുടക്കത്തിൽ ഒറ്റപേജിൽ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രിന്റാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോഴാകട്ടെ പ്രിന്റ് ചെയ്യാനുള്ള പേജുകളുടെ എണ്ണം ആറായി ഉയരുകയും ചെയ്തിട്ടുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി നാളെയാണ്.
ഫോം 4എ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തപാൽ വഴിയോ ദൂതൻ വഴിയോ ആണ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ എത്തിക്കേണ്ടത്.
ഈ മാസം 11 മുതൽ അപേക്ഷ സബ്മിറ്റ് ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് പ്രവാസി വോട്ടർമാർ പറയുന്നു. അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കുമ്പോൾ ‘എറർ’ റിപ്പോർട്ട് ആണ് വരുന്നത്.
അപേക്ഷിക്കാനുള്ള അവസാന തീയതി ദീർഘിപ്പിച്ചില്ലെങ്കിൽ ധാരാളം പ്രവാസികൾക്ക് വോട്ടുചെയ്യാനുള്ള അവസരം നഷ്ടപ്പെടും. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യം വിവിധ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടു വെച്ചിട്ടുണ്ട്.