കൊച്ചി: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പേ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി മുന്നണികള്‍ കളത്തിലിറങ്ങി.
മുന്നണികളുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ ഇതിനോടകം നിരത്തുകളിലെ ചുവരുകളിലും വാഹനങ്ങളിലും പതിഞ്ഞു കഴിഞ്ഞു.
വിവിധ പാര്‍ട്ടികളുടെ കൊടിതോരണങ്ങളും കോവിഡ് സാഹചര്യം മുന്‍നിറുത്തി തയാറാക്കിയ മാസ്കുകളും വിപണിയിലിറങ്ങി.
നേതാക്കളുടെ ചിത്രം പതിച്ചതും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ പ്രിന്റ് ചെയ്തതുമായ ടീ ഷര്‍ട്ടുകളും ഒരുങ്ങുന്നുണ്ട്. നവമാധ്യമങ്ങളിലും പ്രചാരണം ചൂടുപിടിച്ചു.
സര്‍ക്കാരിനെതിരായി ഉയരുന്ന ആരോപണങ്ങളും കേസുകളും പ്രതിപക്ഷം പ്രചാരണായുധമാക്കുന്പോൾ ഭരണപക്ഷം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നേട്ടങ്ങള്‍ നിരത്തി ഇതിനെ നേരിടുന്നു.
ഇടതുമുന്നണിയുടെ “ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യത്തിന് പുറമേ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലകെട്ടുകളോടെ സര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികളുടെ ചിത്രങ്ങൾ ഉള്‍പ്പെടുത്തി നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ബോര്‍ഡുകള്‍ സ്ഥാപിച്ചു. മുദ്രാവാക്യങ്ങള്‍ പതിച്ച ഓട്ടോറിക്ഷകളും നിരത്തിൽ സജീവം.
“നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന മുദ്രാവാക്യവും കൈപ്പത്തി ചിഹ്നവും നാടാകെ പതിക്കുന്നതിന്റെ തിരക്കിലാണ് യുഡിഎഫ് ക്യാമ്പ്.
സ്ഥാനാര്‍ഥി പ്രഖ്യാപനശേഷം നിലവിലെ രോഗവ്യാപന സാഹചര്യങ്ങള്‍ കണക്കിലെടുത്തു പുത്തന്‍ പ്രചാരണ തന്ത്രങ്ങളുമായി വോട്ടര്‍മാരെ സമീപിക്കാനാണു മുന്നണികളുടെ നീക്കം.