കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ ഹരിത പ്രോട്ടോകോള്‍ കര്‍ശനമാക്കാന്‍ ശുചിത്വ മിഷന്.
മാലിന്യരഹിതവും പ്രകൃതിക്കും ജനങ്ങള്‍ക്കും ദോഷമില്ലത്തതുമായ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണിത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ബാക്കിയാകുന്ന മാലിന്യത്തെ ശാസ്ത്രീയമായി സംസ്കരിക്കുക എന്ന ലക്ഷ്യവും ശുചിത്വ മിഷനും ഹരിത കേരളം മിഷനും ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നു.
തെരഞ്ഞെടുപ്പിനുശേഷം പുനരുപയോഗ യോഗ്യമായ പ്രചാരണ സാമഗ്രികള്‍ അതതു രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേന മുഖേന സര്‍ക്കാര്‍ കമ്പനിയായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് കൈമാറണം.
അലക്ഷ്യമായി വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്യാന്‍ പാടില്ല. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇവ ഉപയോഗിക്കരുത്
പിവിസി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ പ്രചാരണ പ്രവര്‍ത്തനങ്ങളള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പിവിസി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക് കോട്ടിംഗോ ഉള്ള പുനഃചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടെ ഉപയോഗവും ഒഴിവാക്കണം.
ഇവയുടെ ഉപയോഗം കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് വഴി പരാതി നല്‍കാം. ഇവ നീക്കം ചെയ്യുകയും ആയതിന്റെ ചെലവ് അതതു പാര്‍ട്ടികളില്‍നിന്ന് ഈടാക്കുകയും ചെയ്യും.
ഓലയും വാഴ ഇലയും
തെരഞ്ഞെടുപ്പ് പര്യടനവേളയില്‍ അലങ്കാരങ്ങള്‍ക്കായി പരമ്പരാഗത പ്രകൃതിസൗഹൃദ വസ്തുക്കളായ മുള, ഓല, പനമ്പ്, വാഴയില മുതലായവ പ്രോത്സാഹിപ്പിക്കണം.
ഇവയ്ക്കു പുറമേ നൂറു ശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മിച്ച തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാവൂ.
സ്ഥാനാര്‍ഥികള്‍ക്ക് അവാര്‍ഡ്
തെരഞ്ഞെടുപ്പ് പ്രചാരണം പ്രകൃതിസൗഹൃദവും മാലിന്യരഹിതവുമായി നടപ്പാക്കുന്ന സ്ഥാര്‍ഥികള്‍ക്ക് ഇത്തവണ ശുചിത്വ മിഷന് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, മാലിന്യം തരംതിരിച്ചു ശേഖരിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍, പ്രകടന പത്രികയില്‍ മാലിന്യനിര്‍മാര്‍ജനത്തിനായി നല്കിയ പ്രധാന്യം തുടങ്ങിയ കണക്കിലെടുത്താകും അവാര്‍ഡുകള്‍ തീരുമാനിക്കുക.