ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെ താൻ പൂർണമായി മാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നതെന്നും അത് ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തേണ്ടതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു
സുപ്രീം കോടതിയുടെ വിധി എല്ലാവരും അംഗീകരിക്കണം. സുപ്രീം കോടതി വിധിയെ ഞാൻ പൂർണ്ണമായി മാനിക്കുന്നു. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ പൂർണ്ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടത്.
1,100 രൂപ സംഭാവനയിൽ നിന്ന് 100 രൂപ പാർട്ടിയുടെ പേരിൽ നിക്ഷേപിക്കുകയും 1,000 രൂപ സ്വന്തമായി സൂക്ഷിക്കുകയും ചെയ്യുകയാണ് നേതാക്കൾ ചെയ്യുന്നതെന്ന് കോൺഗ്രസിനെ പരാമർശിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു.
മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു . ബാക്കി ബോണ്ടുകൾ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ടിഎംസിക്ക് 1,600 കോടി, കോൺഗ്രസിന് 1,400 കോടിയും ലഭിച്ചു.
ബിആർഎസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും ലഭിച്ചു. 303 എംപിമാരുണ്ടായിട്ടും ഞങ്ങൾക്ക് 6,000 കോടിയാണ് ലഭിച്ചത്. ബാക്കിയുള്ളവർക്ക് 242 എംപിമാർക്ക് 14,000 കോടിയാണ് ലഭിച്ചതെന്നും അമിത് ഷാ പറഞ്ഞു.