കൊച്ചി: ബംഗളൂരു ആസ്ഥാനമായ ഓൾട്ടിഗ്രീൻ കന്പനി കൊച്ചിയിൽ ഉടൻ പുറത്തിറക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കായി കൊച്ചി നഗരത്തിൽ 50 അതിവേഗ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും. റിക്ഷ ഉടമകൾക്ക് വീട്ടിൽ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കും.
വഴിയോര പലചരക്കു കടകൾ, ബേക്കറികൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത്. മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഓരോ പാർക്കിംഗ് സ്റ്റേഷനുകൾ എന്നാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ പദ്ധതി ഒരുക്കുന്നവർക്കും കടക്കാർക്കും മറ്റൊരു വരുമാനം കൂടി ഇതിലൂടെ നേടാനാകും.
ഒരു സമയത്ത് ഒരു വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമാണ് വേണ്ടത്. വളരെ അനുകൂലമായ പ്രതികരണങ്ങൾ ഇവരിൽനിന്നു ലഭിച്ചതായും ബന്ധപ്പെട്ട അധികൃതരുമായി ചർച്ചകൾ നടത്തി ഉടൻ തന്നെ പദ്ധതി നടപ്പിൽ വരുത്തുമെന്നും ഓൾട്ടിഗ്രീൻ ഡയറക്ടർ അഭിജിത് സക്സേന അറിയിച്ചു.
ഓൾട്ടിഗ്രീൻ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് ട്രാക്കിംഗ് സംവിധാനം വഴി ഏറ്റവും അടുത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ വാഹനം ഓടിക്കുന്ന ആൾക്ക് മനസിലാക്കാൻ കഴിയും. അവിടെ മറ്റാരെങ്കിലും ചാർജ് ചെയ്യുകയാണെങ്കിൽ ഒഴിവുള്ള അടുത്ത ചാർജിംഗ് സ്റ്റേഷൻ എവിടെയാണെന്നുള്ള നിർദേശം ലഭിക്കും.
ഒറ്റപ്രാവശ്യം പൂർണമായും ചാർജ് ചെയ്താൽ 100 കിലോമീറ്റർ ഓടാൻ സാധിക്കുമെന്നതിനാൽ വീട്ടിൽതന്നെ ചാർജ് ചെയ്താൽ ആ ദിവസം ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രദർശനന മേളയിൽ ഓൾട്ടിഗ്രീൻ ഇലക്ട്രിക് ഓട്ടോറിക്ഷകൾ പ്രദർശനത്തിന് എത്തിയിരുന്നു .
ആദ്യ ബുക്കിംഗും ഇതോടൊപ്പം നടന്നു. ഇന്ത്യയിൽ ആദ്യമായി കൊച്ചിയിലാണ് ഓൾട്ടിഗ്രീൻ ഇലക്ട്രിക് റിക്ഷകൾ സെപ്റ്റംബറിൽ പുറത്തിറങ്ങാനായി ഒരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 7012212515.