സ്വന്തം ലേഖകൻ
തൃശൂർ: പെട്രോളിന് അനുദിനം വിലവർധിച്ചുകൊണ്ടിരിക്കേ ഇലക്ട്രിക് ബൈക്ക് സൈക്കിൾ വികസിപ്പിച്ചെടുത്തു നാട്ടിലെ താരമായി മരിയാപുരം സ്വദേശി റിന്റോ ചിറ്റിലപ്പിള്ളി.
പെട്രോളിനു വില കത്തിക്കയറുമെന്നു ഭയന്നല്ല റിന്റോ ഇലക്ട്രിക് ബൈക്ക് സൈക്കിൾ നിർമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. ലോക്ക്ഡൗണിൽ വീട്ടിൽ ഇരിപ്പായതോടെ നടത്തിയ ശ്രമങ്ങളാണ് ഇലക്ട്രിക് ബൈക്ക് സൈക്കിളിന്റെ രൂപകല്പനയിലേക്കുള്ള പരീക്ഷണങ്ങളായത്.
റിന്റോയ്ക്കു സൈക്കിൾ ഹരമാണ്. എന്നാൽ ജോലിക്കു പോകാൻ ബൈക്കുതന്നെ വേണം. ബൈക്കിന്റെ വേഗം സൈക്കിളിനില്ലല്ലോ? അത്യാവശ്യത്തിനു ബൈക്കായും അല്ലാത്തപ്പോൾ സൈക്കിളായും ഉപയോഗിക്കാവുന്ന വാഹനം.
അങ്ങനെയൊരു വാഹനം രൂപപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത് അങ്ങനെയാണ്. ആദ്യ ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽതന്നെ മനസിൽ പദ്ധതി തയാറാക്കി.
തുടർന്ന് അതിനുള്ള സാധനങ്ങൾ തേടിപ്പിടിച്ചു. ആക്രിക്കടകളിൽനിന്നാണു പല വസ്തുക്കളും കണ്ടെടുത്തത്. അവ ഉപയോഗിച്ച് ഒരു മാസത്തോളം നീണ്ട അധ്വാനത്തിനു ഫലം കണ്ടു. അതാണു റിന്റോയുടെ ഇലക്ട്രിക് ബൈക്ക് സൈക്കിൾ.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന എൻജിന്റെ കരുത്തിൽ നാല്പതു കിലോമീറ്റർവരെ വേഗത്തിൽ ഓടും. ഏതൊരു ബൈക്കിനെയും വെല്ലുന്ന ഷോക്കബുമുണ്ട്. ഹെഡ്ലൈറ്റ്, ഹോണ്‍, ഇൻഡിക്കേറ്റർ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
വളരെ സിംപിളായി മോട്ടോർ ഓഫാക്കിയാൽ സൈക്കിൾ ആകും. സൈക്കിളിനെ മോട്ടോർ സൈക്കിളാക്കാനും എളുപ്പം. രണ്ടു മണിക്കൂർ ചാർജ് ചെയ്താൽ ഒരു ദിവസം ഓടും. കൂടുതലും സൈക്കിൾ ചവിട്ടാനാണു റിന്റോയ്ക്ക് ഇഷ്ടം. കയറ്റങ്ങളിലും അത്യാവശ്യ സന്ദർഭങ്ങളിലും മാത്രമാണ് ബൈക്കായി ഉപയോഗിക്കുന്നത്.
ഒരു വർഷം മുന്‍പ് റിന്റോ ഇലക്ട്രിക് ബൈക്ക് സൈക്കിൾ തയാറാക്കിയിരുന്നു. പഴയ സൈക്കിളിൽ മോട്ടോറും ബാറ്ററിയും ഘടിപ്പിച്ചാണു നിർമിച്ചത്. പരമാവധി വേഗത 20 കലോമീറ്റർ മാത്രമായിരുന്നു.
ഇത്തവണ സൈക്കിളും സ്വന്തമായി നിർമിച്ചു. കൂടുതൽ ശേഷിയുള്ള മോട്ടോർ ഉപയോഗിച്ചതിനാലാണു കൂടുതൽ വേഗം കിട്ടുന്നത്. 400 വാട്സുള്ള മോട്ടോർ ഘടിപ്പിച്ച സൈക്കിൾ 10 കിലോമീറ്റർ ഓടും. ലിതിയം ബാറ്ററി ഉപയോഗിച്ചാൽ 40 കിലോമീറ്റർ ഓടിക്കാനാകും. ഇത്തരം സൈക്കിൾ വിപണിയിൽ അപൂർവമാണ്.
ചൈന നിർമിത സൈക്കിളിന് 60,000 രൂപ വിലവരും. റിന്റോ നിർമിച്ച സൈക്കിളിന് ഇരുപതിനായിരം രൂപയാണു നിർമാണ ചെലവ്. ഓർഡർ കിട്ടിയാൽ ആവശ്യക്കാർക്കു നിർമിച്ചുകൊടുക്കുമെന്നു റിന്റോ (ഫോണ്‍- 88480 53814) പറഞ്ഞു.
തൃശൂർ അഞ്ചേരി മരിയാപുരം സ്വദേശിയായ റിന്റോ ഇലക്ട്രീഷ്യനാണ്. സ്റ്റേജ് ഡെക്കറേഷൻ, ഫ്ളവർ ഡെക്കറേഷൻ, പള്ളി അലങ്കാരം തുടങ്ങിയ ജോലികളും ചെയ്യാറുണ്ട്.