തിരുവനന്തപുരം: പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാലു ഡീസൽ ബസുകൾ വാങ്ങാം.
ഇലക്ട്രിക് ബസ് അധികകാലം ഉപയോഗിക്കാനാവില്ല. അവ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും തൊഴിലാളിസംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മന്ത്രി മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
തിരുവനന്തപുരത്ത് 10 രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിനു വരുമാനമുണ്ടെങ്കിലും ലാഭമുണ്ടെന്ന് പറയാൻ പറ്റില്ല. 10 രൂപയ്ക്ക് ഓടുന്ന ബസുകളിൽ കൂടുതൽ ആളുകളെ കയറ്റാനാവില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസിൽ ആളില്ലാത്ത അവസ്ഥയുമുണ്ട്.
10 രൂപയ്ക്ക് സർവീസ് നടത്തുന്ന ബസുകളുടെ നിരക്ക് വർധിപ്പിക്കും. നഷ്ടത്തിലോടുന്ന റൂട്ടുകൾ കണ്ടെത്തി സമയം പുനഃക്രമീകരിക്കും.
സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കും.
സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേസ് എന്നിവയ്ക്കായി പുതിയ സോഫ്റ്റ്വേർ നിർമിക്കും. കെഎസ്ആർടിസി അഡ്മിനിസ്ട്രേഷൻ കന്പ്യൂട്ടറൈസ് ചെയ്യും. സ്വിഫ്ട് കന്പനി ലാഭത്തിലാണ്.
പുതിയ ബസുകൾ സ്വിഫ്ടിനു കീഴിൽ തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ സമീപനത്തിൽ പ്രതീക്ഷയുണ്ടെന്ന് എം. വിൻസെന്റ് എംഎൽഎ ചർച്ചയ്ക്കുശേഷം പ്രതികരിച്ചു.