ഇരിട്ടി: കരയിലും വെള്ളത്തിലും ഒരേസമയം ഓടിക്കാൻ കഴിയുന്ന ഇലക്ട്രിക് കാർ വികസിപ്പിച്ചെടുത്തതായി ഐടിസി വിദ്യാർഥികൾ. സെൻട്രൽ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനു കീഴിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന ഇരിട്ടി ഐടിസിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളാണ് മൾട്ടി പർപ്പസ് ഇലക്ട്രിക് കാർ തങ്ങളുടെ വർക്ക് ഷോപ്പിൽ സ്വന്തമായി വികസിപ്പിച്ചെടുത്തതായി അറിയിച്ചത്.
പ്രാദേശികമായി ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. നഗരങ്ങളിൽ വർധിച്ചുവരുന്ന കാർബൺ മാലിന്യങ്ങൾ കുറയ്ക്കുവാനും അതോടൊപ്പം കേരളത്തിൽ അടുത്തകാലത്തുണ്ടായ പ്രളയദുരന്തങ്ങളുമാണ് തങ്ങളെ ഇങ്ങനെയൊരു ആശയത്തിലേക്കു നയിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ഇത്തരം വാഹനങ്ങൾ ചില സ്ഥാപനങ്ങളൊക്കെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന വാഹനം ആദ്യ ടെസ്റ്റിൽത്തന്നെ വിജയമായിരിക്കുകയാണെന്നും വളരെ ചെറിയ ചെലവ് മാത്രമേ ഇതിനായിട്ടുള്ളൂവെന്നും വിദ്യാർഥികൾ പറഞ്ഞു.
കൂടുതൽ ഗവേഷണങ്ങൾക്കും മറ്റും അവസരം ലഭിച്ചാൽ നാടിന് ഉപകാരപ്പെടുന്ന രീതിയിൽ ഇതു വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന് പ്രോജക്ടിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ പ്രസാദ്, വൈസ് പ്രിൻസിപ്പൽ എൻ.എം. രത്നാകരൻ, നിർമാണ പ്രവർത്തനത്തിൽ പങ്കാളികളായ വിദ്യാർഥികളായ പി. രാഹുൽ, എ. നിധിൻ, എം. ജിഷ്ണു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.