സ്വന്തംലേഖകൻ
തൃശൂർ: കേന്ദ്ര ബജറ്റിൽ വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുന്പോൾ തൃശൂർ കോർപറേഷൻ ഇത് വളരെ മുന്പേ കണ്ട് അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ഗതാഗത മേഖലയിൽ വൻകുതിപ്പിന് ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ ഇത്തരം സാധ്യതകളൊക്കെ മുന്നിൽ കണ്ട് കഴിഞ്ഞ കോർപറേഷൻ വൈദ്യുതി ബജറ്റിൽ ഇതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അവതരിപ്പിച്ചിരുന്നു. ബജറ്റിൽ പ്രഖ്യാപനം നടത്തുക മാത്രമല്ല ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കൈയടക്കുന്നത് മനസിലാക്കി നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങുന്നിതിനുള്ള പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു.
ഇതിനായി അനർട്ടുമായി എംഒയു വരെ ഒപ്പിട്ടതായി കഴിഞ്ഞ ഫൈബ്രുവരി 23ന് ഡെപ്യൂട്ടി മേയർ റാഫി ജോസ് അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാക്കിയിരുന്നു. സോളാർ വൈദ്യുതിയിൽ നിന്നും ലഭിക്കുന്ന ഉൗർജം ചാർജിംഗ് സ്റ്റേഷനുകൾക്ക് ഉപയോഗപ്പെടുത്താനുള്ള സാങ്കേതിക ഉപദേശമാണ് അനർട്ടുമായി എംഒയു ഒപ്പിട്ടതോടെ തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് ലഭിക്കുന്നത്.
ഇതിനു പുറമേ നഗരത്തിൽ ഇലക്ട്രിക് ബസുകളുടെ സർവീസുകൾ ആരംഭിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ശക്തൻനഗറിൽ നിന്നും രണ്ട് ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപാകമാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതോടെ തൃശൂർ കോർപറേഷന്റെ സ്വപ്നം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. പതിനായിരം കോടിയുടെ പദ്ധതിയാണ് കേന്ദ്ര സർക്കാർ വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
നാലു മാസം മുന്പേ വൈദ്യുതി വാഹനങ്ങളുടെ വ്യാപനത്തിനുവേണ്ടി പദ്ധതികൾ പ്രഖ്യാപിച്ച തൃശൂർ കോർപറേഷന് കേന്ദ്ര സർക്കാരിന്റെ സഹായം ലഭ്യമാക്കാൻ വേണ്ട നടപടികൾ ബിജെപി കൗണ്സിലർമാർ തന്നെ മുൻകൈയെടുത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ ഭരണ നേതൃത്വം. എന്തായാലും ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകുന്നതോടെ ഏറ്റവും അത്യാവശ്യമായി വരുന്ന ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നതിനുള്ള സംവിധാനത്തിനുവരെ കോർപറേഷൻ പദ്ധതി തയ്യാറാക്കിയത് അഭിനന്ദനീയമായി.