ജോണ്സണ് വേങ്ങത്തടം
കൊച്ചി: കൊച്ചി നഗരത്തിലൂടെ ബാബുവേട്ടൻ സൈക്കിളിൽ പോകുന്നതു കണ്ടാൽ ആരും നോക്കി നിൽക്കും. സൈക്കിളിലിരുന്ന് ചവിട്ടാതെയുള്ള യാത്ര. സ്വന്തമായി അസംബിൾ ചെയ്തെടുത്ത ഈ ഇലക്ട്രിക് സൈക്കിളിലെ യാത്ര ഒന്നു കാണേണ്ടതു തന്നെ.
ഇതു കാണുന്പോൾ നാട്ടുകാരുടെ ഒരു ചോദ്യമുണ്ട്, ബാബുവേട്ടാ ഇത്തരമൊരു സൈക്കിൾ ഞങ്ങൾക്കും തരുമോ എന്ന്. ഇതു നാട്ടുകാരുടെ ബാബുവേട്ടൻ. ജോണ്‍ കുര്യൻ എന്ന് യഥാർഥ പേര്. കോട്ടയം തിരുവഞ്ചൂരിൽ ജനിച്ച് എറണാകുളം പനന്പിള്ളിനഗർ 631 ൽ ഇളയമകൻ ബിബിൻ ജോണിനൊപ്പം താമസം. പ്രായം 75 ൽ എത്തിയെങ്കിലും ആള് ചില്ലറക്കാരനല്ല.
സ്വന്തമായി ഇലക്ട്രിക് സൈക്കിൾ അസംബിൾ ചെയ്തിറക്കുന്നതു ഹരമാണ് ബാബുവേട്ടന് . ചെറുപ്രായം മുതൽ ഇലക്ട്രോണിക് രംഗത്തു പയറ്റിക്കൊണ്ടിരിക്കുന്ന ബാബുവേട്ടൻ ഇന്ധനവില കൂടിയപ്പോഴാണ് ഇലക്ട്രിക് സൈക്കിളിനെക്കുറിച്ചു ചിന്തിച്ചത്. ഇതുസംബന്ധിച്ചു കിറ്റ് വാങ്ങി സ്വന്തമായി സൈക്കിൾ കളത്തിലിറക്കി.
25 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന സൈക്കിളാണ് കൈയിലുള്ളത്. പച്ചക്കറി വാങ്ങാനും പലചരക്ക് വാങ്ങാനും എന്തിനു പള്ളിയിൽ പോകാൻവരെ ബാബുവേട്ടൻ സൈക്കിളിനെയാണ് ആശ്രയിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അവർക്കു സൈക്കിൾ ചോദിച്ചിരിക്കുകയാണ്.
വൻകിട സ്ഥാപനങ്ങൾ ഇറക്കുന്ന ഇലക്ട്രിക് സൈക്കിളിനു കുറഞ്ഞതു 25,000 രൂപ വരുന്പോൾ 7500 മുതൽ 10,000 രൂപ വരെയുണ്ടെങ്കിൽ ബാബുവേട്ടന്റെ സൈക്കിൾ റെഡി. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 15 കിലോമീറ്റർ വരെ ലഭിക്കും.
എന്നാൽ 40 കിലോമീറ്റർ വരെ ലഭിക്കുന്ന ബാറ്ററിയുണ്ടെന്നാണ് ബാബുവേട്ടൻ പറയുന്നത്. അലയൻമെന്റ് എല്ലാം കൃത്യമാക്കി ഇലക്ട്രിക് വയറുകളൊന്നും കാണാത്ത രീതിയിൽ കന്പനി മോഡലിൽതന്നെയാണ് സൈക്കിളിന്റെ രൂപകല്പന. പത്താംക്ലാസ് കഴിഞ്ഞപ്പോൾ റേഡിയോ അസംബിൾ പഠിക്കാൻ കോൽക്കത്തയിലേക്കു വണ്ടികയറിയതാണ്.
അവിടെ പഠിച്ചുതീരുന്നതിനു മുന്‍പു റേഡിയോ റെഡിയാക്കി. റേഡിയോയുടെ കാലം കഴിഞ്ഞപ്പോൾ സ്റ്റീരിയോയിലേക്ക് കടന്നു. കൊച്ചി കടവന്ത്രയിൽ കിരണ്‍ ഇലക്ട്രോണിക്സ് എന്ന സ്ഥാപനം തുടങ്ങി. 40 വർഷത്തോളം ഈ സ്ഥാപനം നിലനിർത്തി.
ഇതിനിടയിൽ പരീക്ഷണങ്ങൾ ധാരാളം. വിസിആർ, ടിവി ആന്റിന, എൽഇഡി എന്നിവയിലും കൈവച്ചു. എൽഇഡി ബോർഡുകൾ ഡോക്ടർമാർക്കും പളളികളിലേക്കും സ്ഥാപനങ്ങൾക്കും നിർമിച്ചു നൽകി.
എല്ലാം ബാബുവേട്ടന്റെ കരവിരുതിൽ മാത്രം. ഇന്നും വിവിധ മേഖലകളിൽനിന്നും ടോക്കണ്‍ ബോർഡുകൾക്കു വേണ്ടി വിളിവരുന്നു. ഇതൊരു ബിസിനസ് അല്ലെന്നു പറയാം. സമയം പോകാനും മക്കളെ അമിതമായി ആശ്രയിക്കാതെ മുന്നോട്ടുപോകാനുമുള്ള ബാബുവേട്ടന്റെ നിലപാടാണിത്.
ഭാര്യ വത്സല മരിച്ചശേഷം മക്കളുടെ കൂടെ കഴിയുന്പോഴും ഇന്ന് ആരോഗ്യപ്രശ്നങ്ങളിലേക്കൊന്നും പോകാത്തത് ഈ വ്യായാമമാണെന്നു പറയാൻ ബാബുവേട്ടന് നൂറു നാവാണ്. മൂത്തമകൻ കിരണും കുടുംബവും കൊച്ചിയിലുണ്ട്. ബാബുവേട്ടന്റെ സൈക്കിളിൽ ഒരു 85 കിലോ ഭാരമൊക്കെ ഒരു പ്രശ്നവുമില്ലാതെ കൊണ്ടുപോകാം.
കയറ്റം കയറി ബാബുവേട്ടൻ പോകുന്നതു നഗരവാസികൾ സസൂക്ഷ്മം നോക്കി നിൽക്കും. ചാർജ് തീർന്നു പോയാലും പ്രശ്നമില്ല. സൈക്കിൾ ചവിട്ടിപ്പോകാമല്ലോ, അതും ഒരു വ്യായാമമാണല്ലോയെന്ന് അദ്ദേഹം പറയുന്നു.