ബിജോ ടോമി
കൊച്ചി : സംസ്ഥാനത്തു വൈദ്യുതാഘാതമേറ്റുള്ള മരണം വർധിക്കുന്നു. രണ്ടാഴ്ച മുന്പ് തൃശൂർ ആളൂരിൽ ലൈനിലെ അറ്റക്കുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചിരുന്നു. ഓഫ് ചെയ്ത ലൈനിലേക്കു വൈദ്യുതി എത്തിയതായിരുന്നു കാരണം. ഈ സംഭവത്തിന് ഒരാഴ്ച മുന്പ് പെരുന്പാവൂർ കൂവപ്പടിയിൽ വൈദ്യുതാഘാതമേറ്റ് അമ്മയ്ക്കും മകനും ജീവൻ നഷ്ടമായി. വീടിന്റെ ടെറസ് കംപ്രസർ പന്പ് ഉപയോഗിച്ചു വൃത്തിയാക്കുന്നതിനിടെയാണ് മകനു ഷോക്കേറ്റത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അമ്മയും മരിച്ചു.
പെരുകുന്നു
ഇത്തരത്തിൽ അശ്രദ്ധകൊണ്ടും അല്ലാതെയും വൈദ്യുതാഘാതമേറ്റുള്ള അപകടമരണം പെരുകുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 1,274 പേർ മരിച്ചു. അറ്റകുറ്റപ്പണിക്കിടെ മരിച്ച കെഎസ്ഇബി ജീവനക്കാരും വൈദ്യുതിലൈനിൽനിന്നു ഷോക്കേറ്റ പൊതുജനങ്ങളും വീടുകളിൽ ഇലക്ട്രിക് ഉപകരണങ്ങളിൽനിന്നു ഷോക്കേറ്റവരും ഉൾപ്പെടെയുള്ള കണക്കാണിത്.
ഏറ്റവും അധികം ആളുകൾ മരിച്ചത് കഴിഞ്ഞ വർഷമാണ്. 258 പേർ. ഇതിൽ 20 പേർ കെഎസ്ഇബി ജീവനക്കാരോ കരാർ ജീവനക്കാരോ ആണ്. 130 പേർ മരിച്ചത് പൊട്ടി വീണ വൈദ്യുതി കന്പിയിൽനിന്നോ ഇരുന്പ് പൈപ്പോ മറ്റോ വൈദ്യുതി ലൈനിൽ അബദ്ധത്തിൽ സ്പർശിച്ച് അപകടത്തിൽ പെട്ടോ ആണ്. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളിൽനിന്നു വൈദ്യുതാഘാതമേറ്റ് 108 പേർ മരിച്ചു.
2012ൽ 174 പേർ മരിച്ചു. 23 പേർ കെഎസ്ഇബി ജീവനക്കാരോ കരാർ ജീവനക്കാരോ ആണ്. 66 പേർക്കു വൈദ്യുതിലൈനിൽനിന്നു ഷോക്കേറ്റു. 85 പേർക്കു വീടിനുള്ളിൽനിന്നു വൈദ്യുതാഘാതമേറ്റു. 2013 ൽ മരിച്ചത് 176 പേർ. 18 പേർ ജീവനക്കാരും 59 പേർ സാധാരണ ജനങ്ങളും. 99 പേർക്കു വീട്ടിൽ വച്ചും അപകടം സംഭവിച്ചു. 2014ൽ 29 കെഎസ്ഇബി ജീവനക്കാരടക്കം 232 പേർ മരിച്ചു. 89 പേർ അബദ്ധത്തിൽ വൈദ്യുതി ലൈനിൽനിന്ന് അപകടം സംഭവിച്ചവരാണ്.
114 പേർക്കു വൈദ്യുതാഘാതമേറ്റത് വീടുകളിലെ വൈദ്യുതോപകരണങ്ങളിൽനിന്ന്. 2015 ൽ വൈദ്യുതാഘാതമേറ്റു മരിച്ച 260 പേരിൽ 29 പേർ കെഎസ്ഇബി ജീവനക്കാരോ കരാർ ജീവനക്കാരോ ആണ്. 2016 ലെ മരണ നിരക്ക് മറ്റു വർഷങ്ങളിലേതിനേക്കാൾ താരതമ്യേന കുറവാണ്. 174 പേർക്ക് ജീവൻ നഷ്ടമായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 19 പേർ ജീവനക്കാരും 73 പേർ സാധാരണക്കാരുമാണ്.
അശ്രദ്ധ
വൈദ്യുതാഘാതമേറ്റുള്ള മരണങ്ങളിൽ ഭൂരിഭാഗവും അശ്രദ്ധകൊണ്ടു സംഭവിക്കുന്നതാണെന്നാണു വിദഗ്ധർ പറയുന്നത്. ജീവനക്കാർ സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെയും ലൈനിലെ വൈദ്യുതി ഓഫാക്കാതെയും ജോലിയിൽ ഏർപ്പെടുന്നത് അപകടങ്ങൾക്കു വഴിവയ്ക്കുന്നു. വൈദ്യുതിലൈൻ കടന്നു പോകുന്നതു ശ്രദ്ധിക്കാതെ മരത്തിലോ മറ്റോ കയറുന്പോഴോ ഉയർന്ന കെട്ടിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്പോഴോ ആണ് സാധാരണ ജനങ്ങൾക്കു ലൈനിൽനിന്നു വൈദ്യുതാഘാതമേൽക്കുന്നത്.
വൈദ്യുതി ബോർഡിന്റെ കീഴിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്പോൾ അപകട മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കു തൊഴിലാളി നഷ്ടപരിഹാര നിയമം അനുസരിച്ചു മാസവേതനത്തിനും പ്രായത്തിനും ആനുപാതികമായ നഷ്ടപരിഹാരം ലഭിക്കും. വൈദ്യുതി ലൈനിൽനിന്ന് അപകടം സംഭവിക്കുന്ന മറ്റുള്ളവരുടെ ആശ്രിതർക്കും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
എന്നാൽ, വൈദ്യുതി ബോർഡിൽ നിന്ന് ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കേസുകൾ നിലവിലുണ്ട്. നഷ്ടപരിഹാരം കണക്കാക്കാനും അനുവദിക്കാനും വേണ്ട രേഖകൾ ആവശ്യപ്പെട്ടിട്ടും നാളിതുവരെ ലഭ്യമാക്കാത്ത കാരണത്താലും വിവിധ കോടതികളിൽ നഷ്ടപരിഹാര സംബന്ധമായ കേസുകൾ അനന്തമായി നിലനിൽക്കുന്നതിനാലുമാണ് ഇവർക്കു നഷ്ടപരിഹാരം നൽകാൻ കഴിയാത്തതെന്നാണ് ഇതു സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. ്