മൂവാറ്റുപുഴ: വൈദ്യുതി തകരാർ പരിഹരിക്കാൻ പോസ്റ്റിൽ കയറിയ ലൈൻമാൻ ഷോക്കേറ്റു മരിച്ചു. കോതമംഗലം കറുകടം കൈനാട്ടുമറ്റത്തിൽ കുര്യാക്കോസിന്റെ മകൻ എൽദോസ്(40)ആണ് മരിച്ചത്. സംഭവം നേരിൽ കണ്ട സഹപ്രവർത്തകൻ വർഗീസിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.45ഓടെ മൂവാറ്റുപുഴ നഗരസഭ ഓഫീസിനു മുന്നിലായിരുന്നു സംഭവം. സമീപത്തുള്ള സ്ഥാപനത്തിലെ വൈദ്യുതി തടസം പരിഹരിക്കുന്നതിനാണ് ഇരുവരും എത്തിയത്.
ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെ എൽദോസിന് പൊടുന്നനെ ഷോക്കേല്ക്കുകയായിരുന്നുവെന്നു പറയുന്നു. പൊട്ടിത്തെറിയുടെ ശബ്ദത്തോടെ എൽദോസ് കീഴ്മേൽ മറിഞ്ഞ് പോസ്റ്റിലുണ്ടായിരുന്ന കേബിളിൽ കാൽ കുരുങ്ങി തൂങ്ങികിടക്കുന്ന നിലയിലായിരുന്നു.
സംഭവം ശ്രദ്ധയിൽപെട്ട സ്ത്രീകളടക്കമുള്ളവർ അലമുറയിട്ടതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും ആർക്കും ഒന്നുംചെയ്യാനായില്ല. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ പോസ്റ്റിൽ കയറി വല ഉപയോഗിച്ച് എൽദോസിനെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫ്യൂസ് ഊരിവച്ചതിനുശേഷമാണ് ജീവനക്കാരൻ പോസ്റ്റിൽ കയറിയതെന്നും പെട്ടെന്ന് എങ്ങനെയോ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനു കാരണമായതെന്നുമാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം. സംഭവത്തെത്തുടർന്നു വൈദ്യുതി വകുപ്പ് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സ്ഥലത്തെത്തി പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് ഉന്നതാധികൃതർക്ക് കൈമാറി. കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ മൂവാറ്റുപുഴ നന്പർ ഒന്നിലെ ജീവനക്കാരനാണ് എൽദോസ്. ഒന്പതുവർഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ ബിനി റാക്കാട് എടക്കരയിൽ കുടുംബാംഗമാണ്. പത്തുമാസം മുന്പായിരുന്നു ഇവരുടെ വിവാഹം. എൽദോസിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കോതമംഗലം മർത്തമറിയം പള്ളിയിൽ.