സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കൂടുന്നതായി കണക്കുകള്‍ . കഴിഞ്ഞവര്‍ഷംമാത്രം 250 പേര് സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നു വൈദ്യൂതിഅപകടത്തില് മരിച്ചതായാണ് കണക്ക്. കോഴിക്കോട് ജില്ലയില്‍മാത്രം 16 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള കായ്ഫലങ്ങള്‍, പഴങ്ങള്‍ എന്നിവ ലോഹ നിർമിതമായ വസ്തുക്കള്‍ ഉപയോഗിച്ച് പറിക്കുമ്പോഴാണ് അപകടങ്ങള്‍ ഏറെയും ഉണ്ടായതെന്ന് വൈദ്യുതി അപകട നിയന്ത്രണ ജില്ലാ സമിതിയോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ബോധവത്കരണപരിപാടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്താനാണ് തീരുമാനം. മേയ് ഒന്നു മുതല്‍ ഏഴു വരെ സുരക്ഷാവാരം ആചരിക്കും.
വിവിധസംഘടനകളെ എകോപിപ്പിച്ചുകൊണ്ട് ബോധവത്കരണം, അപകട കാരണം വ്യക്തമാക്കുന്ന ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ബോധവത്കരണ പരിപാടി സ്കൂളുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും നടത്തും. വൈദ്യുതി വകുപ്പിലെ വിദഗ്ധരെ ബോധവത്ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്കാന് സജ്ജമാക്കും.
എല്ലാ സ്കൂളുകളിലും ഇലക്ട്രിക്കല്‍ എര്ത്ത്ലീക്ക് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ നേരിട്ട് ഉറപ്പു വരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളില്‍ അംഗീകാരമില്ലാത്ത ഫ്ളക്സുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നതും ശ്രദ്ധയില്പെപ്പട്ടിട്ടുണ്ട്.
ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. ഇത് ഉറപ്പ് വരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.വാടക സാധനങ്ങള്‍ വിവിധ പൊതുപരിപാടിക്ക് വിതരണം ചെയ്യുന്നത് അംഗീകാരമുള്ളവയാണെന്ന് ഉറപ്പ് വരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഭൂഗര്‍ഭകേബിള്‍ വഴിയുള്ള വൈദ്യൂതി വിതരണ സാധ്യതകള്‍ കുറച്ചകൂടിവിപുലപ്പെടുത്തണമെന്ന നിര്‍ദേവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് നടപ്പിലായാല്‍ ഒരു പരിധിവരെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.