തൃശൂർ: ഒരു ബഹളവുമില്ലാതെ കെഎസ്ആർടിസി ഇലക്ട്രിക് ബസ് തൃശൂരിലെ ഡിപ്പോയിലെത്തി. ഡീസലില്ലാതെ ഓടുന്ന ആദ്യത്തെ കെഎസ്ആർടിസി ബസ് തൃശൂർ ഡിപ്പോയിലെത്തിയപ്പോൾ കാണാൻ നിരവധി പേരാണ് കൗതുകത്തോടെ ചുറ്റും കൂടിയത്.
നാലു മണിക്കൂർ ചാർജ് ചെയ്താൽ 40 യാത്രക്കാരുമായി 250 കിലോ മീറ്റർ വരെ ഓടുന്ന വൈദ്യുതി ബസ് ഉച്ചയ്ക്ക് 2.30നാണ് എത്തിയത്. ബസിൽ മന്ത്രി വി.എസ്. സുനിൽകുമാറും തൃശൂർ സോണൽ ഓഫീസർ സിബിയും ആദ്യ യാത്ര നടത്തി. ഡ്രൈവിംഗ് സീറ്റിലിരുന്ന് മന്ത്രി ഫോട്ടോയ്ക്കും പോസ്ചെയ്തു. വൈകീട്ട് നാലോടെ ബസ് എറണാകുളത്തേക്കു പോയി.
അഞ്ചു മണിക്കൂർ ചാർജ് ചെയ്താൽ 350 കി.മീറ്റർ വരെ വൈദ്യുതി ബസ് ഓടും. ബസിന് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു യൂണിറ്റ് വൈദ്യുതിമാത്രമേ ആവശ്യമുള്ളൂ. ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണു ബസിനുള്ളത്. സുഖകരമായ യാത്രയ്ക്കു മുന്നിലും പിന്നിലും എയർ സസ്പെൻഷൻ സംവിധാനമുണ്ട്.
മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ബസ് പായും. 35 സീറ്റുള്ള ബസിനു വൈദ്യുതി ചാർജ് ചെയ്യാനുള്ള താത്കാലിക സംവിധാനം അതതു ഡിപ്പോകളിൽ ഒരുക്കും. പുഷ്ബാക് സീറ്റും നാവിഗേഷനും സിസിടിവി കാമറയും ബസിലുണ്ട്. ഇന്ധനം ഉപയോഗിക്കാത്ത, പരിസ്ഥിതിസൗഹൃദ ബസിന് സാധാരണ ബസുകളേക്കാൾ ശബ്്ദം കുറവാണ്.
ലോഫ്ളോർ ബസുകളുടെ അതേ നിരക്കായിരിക്കും എയർകണ്ടീഷൻ സൗകര്യമുള്ള ഇലക്ട്രിക് ബസിനും. ബിവൈഡി എന്ന ചൈനീസ് കന്പനി നിർമിക്കുന്ന ബസ്, ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ് സ്റ്റോണ് ഇൻഫ്രാടെക് ആണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഗുരുവായൂർ, കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നിവിടങ്ങളിൽ ഇലക്ട്രിക് ബസിനു ഉൗഷ്മള സ്വീകരണം നല്കി.